കാസര്‍കോട്ടെ ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു; വാഹനങ്ങള്‍ തടഞ്ഞു, വനിതാ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു; വാഹനങ്ങള്‍ തടഞ്ഞു, വനിതാ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്തു.

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പെട്ടെന്നുണ്ടായ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സും സര്‍വീസ് നിര്‍ത്തിവച്ചു. വാഹനങ്ങളെ പല സ്ഥലങ്ങളിലും തടഞ്ഞതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. കടകള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുന്നതിനാല്‍ നഗരത്തില്‍ താമസമാക്കിയിട്ടുള്ള പല ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അത്യാവശ്യഘട്ടത്തില്‍ നഗരത്തിലെത്തിയ യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടനല്‍കി. കാസര്‍കോട് അണങ്കൂരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു. ചാനല്‍ ആര്‍ബിയുടെ റിപ്പോര്‍ട്ടറെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കൈയ്യേറ്റം ചെയ്തത്.

മറ്റ് അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കൂടുതല്‍ പോലീസിനെ നഗരത്തില്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. സമാധാനം നിലനിര്‍ത്താന്‍ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി മഹിപാല്‍ തുടങ്ങിയ ഉന്നത പോലീസ് അധികൃതരുടെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ അഭാവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രമിനാണ് കേസിന്റെ അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതിമായ അന്വേഷണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

 

0Shares