കാസര്‍കോട്: ഐ.എസ് ഭീകരസംഘത്തില്‍ ചേര്‍ന്നതായി സംശയിക്കുന്ന കാസര്‍കോട് സ്വദേശി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. കാസര്‍കോട് പടന്ന വടക്കേപുറത്തെ ടി.കെ മുര്‍ഷിദ് മുഹമ്മദ് (25) ആണ് കൊല്ലപ്പെട്ടത്. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് സന്ദേശം ലഭിച്ചത്. എന്നാല്‍ ഈ സന്ദേശം സ്ഥിരമായി സന്ദേശം ലഭിക്കുന്ന നമ്പറില്‍ നിന്നല്ലാത്തതുകൊണ്ട് മരണം സ്ഥിതീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മരണം സ്ഥിരീകരിച്ചതായാണ് വിവരം.

നേരത്തെ തൃക്കരിപ്പൂരിലെ ഹഫീസ് എന്ന യുവാവും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വിവരം ലഭിച്ചിരുന്നു. 2016 ജൂണ്‍ മൂന്നിന് അബൂദാബിയില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി മുംബൈയില്‍ നിന്നാണ് മുര്‍ഷിദിനെ കാണാതായത്. പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 19 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇവര്‍ അഫ്ഗാന്‍ വഴി സിറിയയിലെത്തിയതായും ഐ.എസില്‍ ചേരാനാണ് അവിടെ പോയതെന്നും വാര്‍ത്തകളുണ്ടായിരുന്നു.