
കാസര്‍കോട്: നാളിതുവരെ കാണാത്ത പുതുമയേറിയതും വ്യത്യസ്തവുമായ സംസ്ഥാന ബീച്ച് ഗെയിംസിലെ പുരുഷ വോളിയിൽ സെന്റർ കുറ്റിക്കോലിന് ഒന്നാം സ്ഥാനം. ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സെന്റർ ക്ലബ് മത്സരിച്ചത്. പള്ളിക്കരയിലെ പൂഴിമണ്ണില്‍ ആവേശത്തിന്റെ മത്സരങ്ങളാണ് രണ്ടുദിനങ്ങളിലായി അരങ്ങേറിയത്. അഞ്ച് മേഖലകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തവും മത്സര വീര്യവും പള്ളിക്കരയിലെ സന്ധ്യകളിൽ പ്രകടമായി. കാസർകോട് ഹോസ്റ്റൽ ടീം പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനക്കാരാണ്.

വനിതാ വിഭാഗത്തിൽ ചന്തു ഓഫീസർ അക്കാദമി കിനാനൂർ ഒന്നും, തരംഗം ചെറക്കാപ്പാറ രണ്ടും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനക്കാർ സംസ്ഥാന മത്സരത്തിൽ തയ്യാറെടുപ്പ് തുടങ്ങി. കേരളത്തിന്‍റെ കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി നടന്ന മേള കടലോര മേഖലയിലെ കായിക വികസനത്തിന് ജന സാഗരത്താൽ ഉണർവ്വായി.
കായിക- വിനോദ സഞ്ചാര മേഖലകളുടെ വളര്‍ച്ച മുന്‍ നിര്‍ത്തി യുവജന കായിക മന്ത്രാലയവും, സംസ്ഥാന കായിക വകുപ്പും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും സംയുക്തമായി വിവിധ ജില്ലകളില്‍ ബീച്ച് ഗെയിംസ് നടത്തിവരികയാണ്.
