കാറ് വാങ്ങാൻ പ്രവർത്തകർക്കിടയിൽ പണപ്പിരിവ്; വിവാദങ്ങൾക്കിടയിൽ ആലത്തൂർ എം. പി രമ്യ ഹരിദാസിന് പറയാനുള്ളത് ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing കാറ് വാങ്ങാൻ പ്രവർത്തകർക്കിടയിൽ പണപ്പിരിവ്; വിവാദങ്ങൾക്കിടയിൽ ആലത്തൂർ എം. പി രമ്യ ഹരിദാസിന് പറയാനുള്ളത് ഇതാണ്

തനിക്ക് കാറ് വാങ്ങാൻ പ്രവർത്തകർക്കിടയിൽ പണപ്പിരിവ് നടത്തുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി ആലത്തൂർ എം. പി രമ്യ ഹരിദാസ്. രമ്യ ഹരിദാസിന് കാറ് വാങ്ങാൻ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും പിരിവ് നടത്തുന്നത് വിവാദമായിരുന്നു. ആയിരം രൂപ വിലയുള്ള 1400 കൂപ്പണുകളാണ് ഇതിനായി അച്ചടിച്ച് ഇറക്കിയിരിക്കുന്നത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുണ്ടായ എതിര്‍പ്പാണ് കൂപ്പണ്‍ പുറത്തുവരാനും വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനും കാരണമായതെന്നാണ് റിപ്പോർട്ട്.

യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെൻറ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം. 25നകം പണം നൽകാനാണ‌് നിർദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട‌് ലക്ഷംരൂപ വീതമാണ‌് ക്വാട്ട. ‘ആലത്തൂർ എം.പി കുമാരി രമ്യ ഹരിദാസിന‌് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന‌് അച്ചടിച്ച കൂപ്പണിൽ യൂത്ത‌് കോൺഗ്രസ‌് പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് പാളയം പ്രദീപാണ‌് ഒപ്പിട്ടിരിക്കുന്നത‌്. എം.പിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെയാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

എം.പിയെന്ന നിലയില്‍ സെക്രട്ടറി, സ‌്റ്റാഫ‌്, ഓഫീസ‌് അലവൻസ‌് എന്നിവ വേറെയുമുണ്ട‌്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ‌്. പാർലമെന്റ‌് കൂടുമ്പോൾ ബത്തയും ലഭിക്കും. എം.പിക്ക‌് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ‌്പ നൽകാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരിൽനിന്ന‌് പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. നേതാക്കൾക്ക‌് അഴിമതി നടത്താനുള്ള ഉപാധിയാണ‌് വാഹനക്കൂപ്പണെന്നും എത്ര കൂപ്പൺ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.

0Shares