കുമ്പള: കുമ്പളയിലും ഉപ്പളയിലും നടത്തിയ റെയ്ഡില്‍ 14.5കിലോ കഞ്ചാവുമായി നാലുപേരെ അറസ്റ്റു ചെയ്തു. പ്രതികള്‍ കഞ്ചാവ് കടത്തിനു ഉപയോഗിച്ച ഓട്ടോ, കാര്‍, ബൈക്ക് എന്നിവയും പോലിസ് പിടികൂടി. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദ് (31), കിദൂര്‍, പൂക്കട്ടയിലെ അബ്ദുല്‍ ലത്തീഫ് എന്ന ധോണ ലത്തീഫ് (41), ഉപ്പള, കുക്കാറിലെ മുസ്താഖ് അഹമ്മദ് (30), ഉപ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ മൊയ്തീന്‍ നവാസ്(31) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ചീഫ് കെ ജി സൈമണിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംദാസും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയയെ പിടികൂടിയത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈക്ക് പരിക്കേറ്റു.
കുമ്പള ടൗണില്‍ വച്ച് സമൂസ റഷീദിനെയാണ് അരക്കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കഞ്ചാവ് നല്‍കിയ ആളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. അഡീഷണല്‍ എസ്.ഐ. പി.വി.ശിവദാസന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍, അജയന്‍, നാര്‍കോട്ടിക്ക് സ്‌ക്വാഡിലെ എസ്.ഐമാരായ ഫിലിപ്പ് തോമസ്, സി.കെ. ബാലകൃഷണന്‍, നാരായണന്‍ നായര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കാറിലും ഓട്ടോയിലും കടത്തുകയായിരുന്ന പതിനാലര കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍