
കാസർകോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാലും പുഴ, കിണര്‍, കുളങ്ങള്‍ തുടങ്ങിയ ജല സ്രോതസ്സുകളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനികളുടെയും യോഗം തീരുമാനിച്ചു. തെങ്ങ്, കമുങ്ങ് തുടങ്ങിയവയ്ക്കുള്ള ജലസേചനം രാവിലെ ആറിനും ഒമ്പതിനുമിടയില്‍ മാത്രമേ പാടുള്ളൂ. നെല്ല്, പച്ചക്കറി എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യത്തിനുള്ള വെള്ളം മാത്രമേ പമ്പ് ചെയ്യാവൂ. അനുമതി ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോര്‍ ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പാടില്ല. കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് പാഴാക്കിക്കളയുന്നത് തടയും ജലസേചനത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും.

ഓരോ ക്യഷിക്കും എത്രത്തോളം വെള്ളം ആവശ്യമുണ്ട്, ഏറ്റവും കാര്യക്ഷമമായ ജലസേചന രീതികള്‍ ഏതൊക്കെ എന്നിവ സംബസിച്ച് കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നല്‍കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ ബോധവല്‍കരണം നടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുഴ, പൊതു അല്ലെങ്കില്‍ സ്വകാര്യ കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാന്‍ പാടില്ല. ചെറുകിട കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് സര്‍ക്കാറിൻ്റെ ശ്രദ്ധയില്‍ പെടുത്തും. സൗജന്യ വൈദ്യുതിയായത് കൊണ്ട് കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് പാഴാക്കിക്കളയുന്നുണ്ട്. പുഴകളില്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന സ്ഥലത്തിൻ്റെ 500 മീറ്റര്‍ താഴെ നിന്നും മേലെ നിന്നും കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നിയന്ത്രണം നീക്കി. കാര്‍ഷികാവശ്യത്തിനുള്ള ജല ഉപയോഗത്തിന്റെ മറവില്‍ ജല-വൈദ്യുതി ദുരുപയോഗമുണ്ടോയെന്ന് കൃഷി, ജലസേചന വകപ്പുകളും വൈദ്യുതി ബോര്‍ഡും സംയുക്തമായി പരിശോധിക്കും. മണല്‍ ഖനനമാണ് പുഴകളിലെ വെള്ളം വറ്റുന്നതിൻ്റെ പ്രധാന കാരണം. പുഴകളിലെ അനധികൃത മണല്‍ഖനനം തടയുന്നതിന് റവന്യൂ പോലീസ് വകുപ്പുകളുടെ സഹായത്തോടെ. കര്‍ശന പരിശോധന നടത്തും. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പല കുടിവെള്ള പദ്ധതികളും കമ്മീഷന്‍ ചെയ്യാത്തത് സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ചും വിശദമായ അന്വഷണം നടത്താന്‍ ജില്ലാ കളക്റ്റര്‍ ഡോ.സജിത് ബാബു നിര്‍ദേശം നല്‍കി. കൃഷി, വൈദ്യുതി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 