കായംകുളം: നഗരസഭാ യോഗത്തിനിടെ നടന്ന കയ്യാങ്കളിക്ക് ശേഷം കുഴഞ്ഞുവീണ സി.പി.എം നേതാവും, കായംകുളം നഗരസഭാ കൗണ്‍സിലറുമായ എരുവ കിഴക്ക് വല്ലാറ്റൂര്‍ വീട്ടില്‍ വി.എസ് അജയന്‍ (52) നിര്യാതനായി. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജയന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ബസ് സ്റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുണ്ടായത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമിലാ അനിമോന്‍ യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെതിരെ പരാമര്‍ശം നടത്തിയതോടെയാണ് ബഹളം ആരംഭിച്ചത്. ബഹളത്തിനിടയില്‍ യു.ഡി.എഫ്. അംഗം ഷാനവാസിനു നേരേയുണ്ടായ കയ്യേറ്റ ശ്രമത്തോടെയാണ് കയ്യാങ്കളി തുടങ്ങിയത്. സംഭവത്തില്‍ അജയനു പുറമേ എല്‍.ഡി.എഫിലെ വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.ഗിരിജ, അബ്ദുള്‍മനാഫ്, ജലീല്‍ എസ്.പെരുമ്പളത്ത്, കെ.കെ.അനില്‍കുമാര്‍, പി.ശശികല യു.ഡി.എഫിലെ ഷാനവാസ്, ഷീജാ നാസര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 
സംഭവവുമായി ബന്ധപ്പെട്ട് കായംകുളത്ത് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഉച്ചയ്ക്ക് 12 മണിയോടെ നഗരസഭാ കാര്യാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ: സുഷമ. മക്കള്‍: അഞ്ജലി, അഭിജിത്ത്.