
കാഞ്ഞങ്ങാട്/ കാസര്‍കോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് ലഭിച്ച NQAS അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ടുൾപ്പടെയുള്ള ഡോക്ടർമാരും ജീവനക്കാരുമെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ ആശുപത്രിയായാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്സ് എന്ന സർട്ടിഫിക്കറ്റിന് അർഹരായത്. ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്ന് വർഷങ്ങളിലായി നാൽപത് ലക്ഷം രൂപ വീതം ആശുപത്രിക്ക് ലഭിക്കും. ഡോക്ടർമാർ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാർത്ഥമായി രംഗത്തിറങ്ങിയതിന്‍റെ പരിണിതഫലം കൂടിയാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയത്. ജില്ലാ പഞ്ചായത്ത് ഇതിനായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ചതും നടപ്പിലാക്കിയതും.

പുതിയ നേട്ടത്തിന്‍റെ ഏറ്റവും വലിയ ഒരു പ്രത്യേകത ആശുപത്രി നേടിയ നേട്ടങ്ങളെല്ലാം പടിപടിയായി നേടിയെടുത്തു എന്നതാണ്. 2017ൽ കായകൽപത്തിന്‍റെ മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്. 2018ൽ അത് രണ്ടാം സ്ഥാനത്തെത്തി. 2019 ജനുവരിയോടു കൂടി കായകൽപത്തിന്‍റെ ഒന്നാം സ്ഥാനം ആശുപത്രിക്ക് ലഭിച്ചപ്പോഴാണ് NQAS ന്‍റെ സന്ദർശനം വരുന്നത്. മെയ് മാസം 9, 10, 11 തിയ്യതികളിലായി പ്രഗൽഭരായ മൂന്ന് ഡോക്ടർമാരടങ്ങുന്ന കേന്ദ്ര പരിശോധനാ സംഘം മൂന്ന് ദിവസക്കാലം തലങ്ങും വിലങ്ങും പരിശോധന നടത്തിയിട്ടാണ് ആശുപത്രിയുടെ ക്വാളിറ്റി പരിശോധിച്ച് NQAS നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.
നേട്ടങ്ങളുടെയെല്ലാം ഒരു ഫലം കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐ.പി വിഭാഗമാണെങ്കിലും ഒ.പി വിഭാഗമാണെങ്കിലും എല്ലാം 30-35 ശതമാനം വർദ്ധനവ് വന്നിരിക്കുന്നു എന്നുള്ളതാണ്. ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സർക്കാറിന്‍റെ പുതിയ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ ഏറെ ഗുണംചെയ്യുകയുണ്ടായി. ജനുവരി മാസത്തോടു കൂടി കാത്ത് ലാബ് സജ്ജമാകും. അതോടെ ജില്ലയിൽ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആന്റിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കും.
മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ജില്ലാ പഞ്ചായത്ത് തന്നെ തയ്യാറാക്കി വരുന്ന ഡി അഡിക്ഷൻ സെന്റർ ഫെബ്രുവരിയോടു കൂടി പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരി മാസത്തോടു കൂടി എന്റോസൾഫാൻ പാക്കേജിൽ ഉൾപ്പെട്ട അഞ്ച് നില പുതിയ കെട്ടിടത്തിന്‍റെ വയറിംഗ് പണി പൂർത്തിയായി ഉദ്ഘാടന കർമ്മവും നിർവ്വഹിക്കും. അതോടുകൂടി ആശുപത്രിയുടെ ഇന്നത്തെ എല്ലാ സ്ഥല പരിമിതിക്കും പരിഹാരം കാണാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ജില്ലാ പഞ്ചായത്തുള്ളത്.
ജില്ലാ ആശുപത്രി നേടിയ സമാനതകളില്ലാത്ത ഈ നേട്ടങ്ങളെല്ലാം കാസർകോട് ജില്ലയിലെ മുഴുവൻ ജനങ്ങൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ സമർപ്പിക്കുന്നത്. ആത്മാർത്ഥമായി ഇതിനുവേണ്ടി സഹകരിച്ച ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കാസർകോട്ടെയും കാഞ്ഞങ്ങാട്ടെയും മുഴുവൻ ജനപ്രതിനിധികൾ, കാഞ്ഞങ്ങാട്ടെ സന്നദ്ധ – സാംസ്ക്കാരിക – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പ്രവാസി സുഹൃത്തുക്കൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സർവ്വോപരി ആശുപത്രി സൂപ്രണ്ട് മുതൽ ഏറ്റവും താഴേത്തട്ടിലുള്ള ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള മുഴുവൻ ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുവാൻ കൂടി ഈ സന്ദർഭം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ ഉപയോഗപ്പെടുത്തുന്നു.
