കണ്ണൂര്‍: ആയിക്കര ഹാര്‍ബറില്‍ ഹൈമാസ്റ്റ്ലൈറ്റ് തകര്‍ന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. തയ്യില്‍ സ്വദേശി കാര്‍ത്തിക നിവാസില്‍ പവിത്രന്‍ (56) ആണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മരിച്ചത്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ ആരും തന്നെ കടലില്‍ പോയിരുന്നില്ല. പവിത്രനും കൂട്ടുകാരും ഹാര്‍ബറിലെത്തി വലയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടെയാണ് ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് തലയില്‍ വീണത്. ഉടന്‍ തന്നെ പവിത്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹാര്‍ബറിലുള്ള എല്ലാ തെരുവ് വിളക്കുകളും ദ്രവിച്ച് പൊട്ടി വീഴാറായതായിരുന്നു. നേരത്തെ ഇതുപോലെ രണ്ടെണ്ണം തകര്‍ന്നുവീണപ്പോള്‍ മത്സ്യതൊഴിലാളികള്‍ എഞ്ചിനീയറിംഗ് വിഭാഗത്തെ അറിയിച്ചിരുന്നു. അവരുടെ അവഗണനയാണ് ഇപ്പോള്‍ പവിത്രന്റെ ജീവന്‍ അപഹരിക്കാന്‍ കാരണമായതെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. എമര്‍ജന്‍സി ലൈറ്റ് കത്തിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ഈ ലൈറ്റുകളൊന്നും കത്തുകയില്ലെന്നും പുറമെ നിന്നുകൊണ്ടുവന്ന എമര്‍ജന്‍സി ലൈറ്റാണ് പ്രകാശിപ്പിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭാര്യ: സുജ. മക്കള്‍: രാജശ്രീ, നിശാന്ത്, ശ്രീനിഷ. മരുമക്കള്‍: നിജില്‍, റോഷ്ന, സനല്‍.
കണ്ണൂരില്‍ ഹൈമാസ്റ്റ്ലൈറ്റ് തകര്‍ന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു