കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയ സംഭവം നാടകം; സിനിമയെ വെല്ലുന്ന കഥ യുവാവ് മെനഞ്ഞത് സഹോദരീ ഭര്‍ത്താവ് തിരിച്ചു ചോദിച്ച സ്വര്‍ണം പണയം വച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയ സംഭവം നാടകം; സിനിമയെ വെല്ലുന്ന കഥ യുവാവ്  മെനഞ്ഞത് സഹോദരീ ഭര്‍ത്താവ് തിരിച്ചു ചോദിച്ച സ്വര്‍ണം പണയം വച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍

കാസര്‍കോട്: കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടിയെന്ന സംഭവം നാടകം. പണയം വെച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍ തട്ടിയെടുത്തതായി ബദിയടുക്കയിലെ യുവാവ് കഥ മെനയുകയായിരുന്നു. പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കോടതി റിപോര്‍ട്ട് സമര്‍പിച്ചതായും പോലീസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുക്കുമെന്നും ബദിയടുക്ക പോലീസ് വ്യക്തമാക്കി. അതിനിടേ കേസൊഴിവാക്കാന്‍ മധ്യസ്ഥശ്രമം നടന്നിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്ത പരന്നതിനാല്‍ പോലിസ് കേസൊഴിവാക്കിയില്ല. ബദിയടുക്ക പെര്‍ള ബാഡൂര്‍ കന്തില്‍ പഞ്ചാനയില്‍ മൊഗ്രാല്‍ സ്വദേശി സുഹൈലാണ് (28) തന്നെ ആക്രമിച്ച് 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചുവെന്ന് പരാതിപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചതെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നുമാണ് യുവാവിന്റെ പരാതി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ സംഭവസ്ഥലത്ത് അത്തരമൊരു അക്രമം നടന്നതായോ കൊള്ള നടന്നതായോ ഉള്ള വ്യക്തമായ സൂചനയൊന്നും ലഭിച്ചിരുന്നില്ല. യുവാവിന്റെ മുഖത്ത് മുളകുപൊടിയില്ലാതെ സ്ഥലത്ത് വിതറിയ നിലയില്‍ മാത്രം കണ്ടെത്തിയതും സംശയത്തിന് വഴിവച്ചിരുന്നു. പിന്നീട് പോലീസ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം നാടകമാണെന്നും പരാതി വ്യാജമാണെന്നും കണ്ടെത്തിയത്. യുവാവിന് എന്തോ ആവശ്യത്തിനായി സഹോദരി നല്‍കിയ സ്വര്‍ണം ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതോടെ തിരിച്ചു ചോദിച്ചിരുന്നു. എന്നാല്‍ ഈ സ്വര്‍ണം യുവാവ് പണയം വച്ച് ലേലത്തില്‍ വിറ്റുപോയതിനാല്‍ തട്ടിയെടുത്തതായി കഥ മെനയുകയായിരുന്നു.

0Shares