കടലാടിപ്പാറ ബോക്സൈറ്റ് ഖനനം; ജനകീയ പ്രതിഷേധം ശക്തമായി, ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ മടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കടലാടിപ്പാറ ബോക്സൈറ്റ് ഖനനം; ജനകീയ പ്രതിഷേധം ശക്തമായി, ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ മടങ്ങി

കാസര്‍ഗോഡ്‌: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനം പുനര്‍ജീവിപ്പിക്കുന്നതിനായി തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാവാതെ മടങ്ങി. ഖനനാനുമതി നേടിയ മുംബൈയിലെ ആശാപുര കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കടലാടിപ്പാറയില്‍ പരിസ്ഥിതിയാഘാത പഠനത്തിന്റെ ഭാഗമായി പൊതുതെളിവെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത്.

ഉത്തരവിനെ തുടര്‍ന്ന് തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ ഉപരോധിച്ച ജനങ്ങള്‍ റോഡും ഉപരോധിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തര മുതലായിരുന്നു കളക്ടര്‍ ജീവന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ ഉപരോധവുമായി എത്തിയത്.
കോടതി ഉത്തരവ് നടപ്പാക്കാനാണ് എത്തിയത് എന്നാല്‍ ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. ക്രമസമാധാനം തകര്‍ത്തുകൊണ്ടു തെളിവെടുപ്പുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ആശാപുര എന്ന കമ്പനിക്കെതിരെ 10 വര്‍ഷമായി ജനകീയ പ്രതിഷേധം നടക്കുകയാണ്.

0Shares