ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ജോബ് മാത്യു കീഴടങ്ങി; അറസ്റ്റുചെയ്തതാണെന്ന് പോലിസ്

  • Post category:news
  • Reading time:2 mins read
You are currently viewing ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ജോബ് മാത്യു കീഴടങ്ങി; അറസ്റ്റുചെയ്തതാണെന്ന് പോലിസ്

തിരുവല്ല: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ ജോബ് മാത്യു അന്വേഷണസംഘത്തിന് മുന്‍പാകെ കീഴടങ്ങി. അന്വേഷണചുമതലയുള്ള ഡി.വൈ.എസ്.പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മുന്നിലാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ ദില്ലിയിലുള്ള കേസിലെ മൂന്നാം പ്രതിയായ അഭിഭാഷകന്‍ ഒഴിച്ച് മറ്റു നാല് പേരും അന്വേഷണസംഘത്തിന് മുന്‍പിലോ തിരുവല്ലയിലെ കോടതിയിലോ കോട്ടയത്തെ കോടതിയിലോ കീഴടങ്ങും എന്നാണ് പുറത്തു വരുന്ന സൂചനകള്‍. മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങി പൊലീസ് കസ്റ്റഡിയില്‍ പോകുന്നത് ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമം. ഫാദര്‍ ജോബ് മാത്യുവിനെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും. അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവുന്നത് തടയാന്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദില്ലിയിലുള്ള മൂന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ലഭ്യമായ വിവരം. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ വൈദികരെല്ലാം ഒളിവില്‍ പോയിരുന്നു.ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുകളുടേയും സുഹൃത്തുകളുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ പ്രതികള്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. കേസില്‍ ഒന്നാം പ്രതിയായ എബ്രഹാം വര്‍ഗീസാണ് 16-ാം വയസ്സില്‍ യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം മകന്റെ മാമോദിസാ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി ഫാദര്‍ ജോബ് മാത്യുവിനോട് വെളിപ്പെടുത്തി. പീഡനവിവരം പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി പിന്നീട് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. പ്രതികള്‍ വൈദികരാണെന്ന കാരണത്താല്‍ യുവതിയുടെ രഹസ്യമൊഴി കളവാണെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, പ്രതികളായ വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് അഭിപ്രായപ്പെട്ടു. യുവതിയുടെ സാഹചര്യങ്ങള്‍ വൈദികര്‍ മുതലെടുത്തെന്നു വ്യക്തമാണ്. ഉന്നത സ്വാധീനമുള്ള പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കും, യുവതിയുടെ കുടുംബവുമായും പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തിയാണു പ്രതികള്‍ പീഡിപ്പിച്ചത്, എല്ലാം ഉഭയസമ്മതത്തോടെയാണെന്ന പ്രതികളുടെ വാദം ശരിയല്ല തുടങ്ങിയ വാദങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

0Shares