ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് സംസാരിച്ചത്; തനിക്കെതിരെ ഇറങ്ങുന്ന ട്രോൾ വീഡിയോയെ പറ്റി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് സംസാരിച്ചത്; തനിക്കെതിരെ ഇറങ്ങുന്ന ട്രോൾ വീഡിയോയെ പറ്റി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ പറയുന്നു

കോട്ടയം: എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ മൂന്നുലക്ഷത്തി മുപ്പതിനായിരം പേര്‍ കണ്ടെന്നാരോ പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തെക്കാള്‍ വേഗമാണ്. പെണ്‍പിള്ളാര്‍ കൂളിങ് ഗ്ളാസ് വെച്ച് കളിയാക്കി ഡബ്‌സ്മാഷ് ഇറക്കിയിട്ടുണ്ടെന്നറിഞ്ഞു. കൂട്ടുകാരൊക്കെ ഇത് കണ്ട് സങ്കടപ്പെട്ട് വിളിക്കുന്നുണ്ട്. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് പറഞ്ഞത്. പിന്നീട് അതൊക്കെ ചാനലുകളില്‍ കാണിച്ചു. ഇങ്ങനെ പരിഹസിച്ച് പുറത്തുവിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോട്ടെ, ഇതൊക്കെ ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന. പറയുന്നത് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയാണ്.

കണ്ണന്താനം മന്ത്രിയായ സന്തോഷത്തിൽ ഷീല ഒരു മാധ്യമത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ബി. ജെ. പി ദേശീയ നേതാക്കളും തന്റെ കുടുംബവുമായുള്ള ബന്ധത്തെ പറ്റി അതിശയോക്തി തോന്നുന്ന രീതിയിൽ സംസാരിച്ചിരുന്നു. സംസാരിക്കുമ്പോൾ രംഗങ്ങൾ പുറത്തുവിടില്ലല്ലോ എന്ന് ഇവർ ചോദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, വീഡിയോ ഇവരെ പരിഹസിക്കുന്ന രീതിയിൽ വൈറൽ ആയി മാറി. ഇതിനെ സംബന്ധിച്ച് മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീല വിശദീകരണവുമായി വന്നത്.

 

‘ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും കഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍’ സങ്കീര്‍ത്തനം ഒന്നാം ഭാഗത്തിന്റെ ചുരുക്കമാണിത്. ഇത് ഞാന്‍ എന്നും വായിക്കുന്നതാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശയിഷ്ടപ്പെടുന്നയാളാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നത് നീതിയല്ലെന്ന് വിശ്വസിക്കുന്നു. ഷീല പറയുന്നു.

0Shares