തിരുവനന്തപുരം: നാലുപാര്‍ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ടികളെ ഉള്‍പ്പെടുത്തിയാണ് ഇടതുപക്ഷം വിപുലീകരിച്ചത്. ദേശീയ തലത്തില്‍ ശരത് യാദവും വീരേന്ദ്രകുമാറും നയിക്കുന്ന ലോക് താന്ത്രിക് ജനതാദളിന് എം വി ശ്രേയാംസ് കുമാറാണ് കേരളത്തില്‍ നേതൃത്വം നല്‍കുന്നത്. കേരള കോണ്‍ഗ്രസില്‍നിന്ന് ഭിന്നിച്ചു വന്ന പാര്‍ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജ് ആണ് നേതൃത്വം നല്‍കുന്നത്. ആര്‍ ബാലകൃഷ്ണപിള്ളയാണ് കേരള കോണ്‍ഗ്രസ് ബിയുടെ നേതൃത്വം. 
പാര്‍ടിയുടെ പ്രതിനിധിയായി കെ ബി ഗണേഷ്‌കുമാര്‍ നിയമസഭയിലുണ്ട്. മതനിരപേക്ഷ നിലപാടെടുത്ത് മുസ്ലീം ലീഗില്‍നിന്ന് ഭിന്നിച്ചു വന്ന പാര്‍ടിയാണ് ഐ.എന്‍.എല്‍. കുറച്ചുകാലമായി എല്‍.ഡി.എഫുമായി സഹകരിച്ചുവരികയാണ്. സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്നത്. അതിന് പിന്തുണകൊടുക്കുയാണ് കോണ്‍ഗ്രസ്. ഏറെ അപകടകരമായ ഈ സ്ത്രീ വിരുദ്ധത കാണാതിരിക്കാനാവില്ല. കേരളത്തെ ഫ്യുഡല്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.