
മഹി/ സൗദി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മറ്റിയിൽ മാഹി സ്വദേശിയും. ചരിത്രത്തിൽ ആദ്യമായാണ് വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർ ഇടം പിടിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഘടകമായ ഐ.ഒ.സി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) യുടെ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചുമതലയോണ് മാഹി സ്വദേശിയായ മൻസൂർ പള്ളൂർ നിർവഹിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാമിലാണ് മൻസൂർ പള്ളൂർ ജോലി ചെയ്യുന്നത്. മൻസൂറിനെ പോലെ യൂറോപ്യൻ രാജ്യങ്ങളുടെ ചുമതല പഞ്ചാബ് സ്വദേശി സ്വിറ്റ്‌സർലണ്ടിലെ രാജ്‌വീന്ദർ സിംഗിനാണ് രാഹുൽ ഗാന്ധി നൽകിയത്.

ലോക ശ്രദ്ധ പിടിച്ചുപറ്റിയ രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിൻ്റെ പിറകിൽ പ്രവർത്തിച്ച പ്രധാന കരങ്ങളിൽ ഒന്ന് മൻസൂറിൻ്റെതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം 22, 23 തീയതികളിൽ ദുബായിൽ വെച്ച് നടക്കുന്ന കോൺഗ്രസ് മാനിഫാസ്റ്റോ മീറ്റിൻ്റെ ചുമതലയിൽ ഐ.ഒ.സി ചെയർമാൻ, എ.ഐ.സി.സി
സെക്രട്ടറി എന്നിവർക്കൊപ്പം മൻസൂറുമുണ്ടാകും. രാഹുൽ ഗാന്ധിയുടെ വരവോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് സംഘടനാ കാര്യങ്ങളിൽ പ്രവാസികൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം വരും നാളുകളിൽ കേരളത്തിനും ഗുണം ചെയ്യുമെന്നാണ് പ്രവാസികൾ കരുതുന്നത്.
