Categories
channelrb special Kerala news trending

ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവം; ഭൂമി തിരിച്ചെടുക്കാൻ ബി.ആർ.ഡി.സിയും നടപടികൾ കടുപ്പിക്കുന്നു, മുൻ ഡയറക്‌ടർ ഷാജി മാധവനെ വിജിലൻസ് ചോദ്യം ചെയ്യും, അന്വേഷണത്തിൽ ഉന്നത ബന്ധങ്ങൾ പുറത്തുവരും

മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് സുപ്രധാന ബാങ്കുകൾ വായ്‌പകൾ നൽകിയത്

‘കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

(ഭാഗം: മൂന്ന് )

പീതാംബരൻ കുറ്റിക്കോൽ

ബേക്കൽ / കാസർകോട്: ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഉന്നത ബന്ധങ്ങളും അന്വേഷിക്കുന്നു. ബി.ആർ.ഡി.സി മുൻ ഡയറക്‌ടർക്കും ഇടനില കമ്പനിക്കുമെതിരെ വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ ദിവസം പരിശോധന തുടങ്ങിയിരുന്നു. ചീഫ് സെക്രട്ടറി ചെയർമാനായിട്ടുള്ള ബി.ആർ.ഡി.സി ബോർഡിൻ്റെ രേഖാമൂലമുള്ള അനുമതിയും സമ്മതവുമില്ലാതെ മുൻ ഡയറക്‌ടർ ആയിരുന്ന നിലവിൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ഷാജി മാധവൻ സ്വന്തം താൽപര്യത്തിൽ ഏക്കർ കണക്കിന് ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തി കോടിക്കണക്കിന് രൂപ വായ്‌പയെടുക്കാൻ ഒത്താശ ചെയ്തു കൊടുത്തുവെന്ന സംഭവത്തിൽ ഉന്നത ബന്ധങ്ങളും വിജിലൻസിൻ്റെ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് സൂചന.

ചിത്താരി പുഴയുടെ അഴകിലും അറബിക്കടലിൻ്റെ അഭൗമ സൗന്ദര്യത്തിലും തൊട്ടുതലോടി പരന്നുകിടക്കുന്ന അമ്പത് ഏക്കറിൽ അധികമുള്ള ഫലഭൂയിഷ്ഠമായ ഭൂമിയാണിത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ പുതിയ പദ്ധതികളെല്ലാം മുടങ്ങുകയും കഴിഞ്ഞ പതിനേഴ് വർഷക്കാലമായി ഈ പ്രദേശം യാതൊരു പുരോഗതിയും ലാഭവും ഇല്ലാതെ മരവിച്ചു കിടക്കുകയുമാണ്. ഇതോടെ ബി.ആർ.ഡി.സിയുടെ മുഖം നഷ്ടപ്പെട്ടു.

ടൂറിസം ഭൂമിയുടെ രേഖകൾ ബാങ്കുകളുടെ കൈകളിലായതോടെ മറ്റേതെങ്കിലും കമ്പനികളെ ഏൽപ്പിച്ച് പുതിയ സംരംഭങ്ങൾ കൊണ്ടുവരാനും കഴിയാതായി. ഒടുവിൽ സി.എ.ജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബേക്കൽ റിസോർട്‌സ് ഡെവലപ്മെണ്ട് കോർപറേഷൻ ലിമിറ്റഡിൻ്റെ (Bekal Resorts Development Corporation Ltd- BRDC) അധീനതയിലുള്ള നൂറുകോടിയിലധികം വിലമതിക്കുന്ന ഭൂമി വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി പണം തട്ടിയെടുത്തതിലാണ്‌ വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പാണ് ബി.ആർ.ഡി.സി പ്രസ്‌തുത ഭൂമി ഗ്രീൻ ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് നടത്തിപ്പിനായി ലീസ് വ്യവസ്ഥയിൽ നൽകിയത്.

പഴുതടച്ചുള്ള അന്വേഷണം

കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്‌.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരു വർഷത്തിൽ 67ലക്ഷം രൂപ നിരക്കിലാണ് ഇ.എം നജീബും അദ്ദേഹത്തിൻ്റെ മകൻ സഹീറും മാനേജിങ് ഡയറക്ടറായ ജി.ജി.എൽ കമ്പനിക്ക് ബി.ആർ.ഡി.സി ഭൂമി ലീസിന് നൽകുന്നത്.

രണ്ടുവർഷം കൊണ്ട് പണി പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. അഞ്ചുവർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ല. ലീസിനത്തിൽ പണം അടക്കുന്ന തവണകൾ മുടങ്ങി. കോർപറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2008ൽ ഭൂമി ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. 2010ൽ മുൻ ഡയറക്ടർ വ്യക്തി താൽപര്യത്തിൽ അനുമതി നൽകിയെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് കോർപറേഷൻ അനുമതി ലഭിച്ചിരുന്നില്ല.

പാവങ്ങളെ കുടിയൊഴിപ്പിച്ച മണ്ണ്

ഇക്കേരി നായ്ക്കൻ്റെ രാജവാഴ്‌ചയുടെ കരുത്തിൻ്റെ തണലിൽ ജീവിസിച്ചുവന്ന ഒരു സമൂഹം ബേക്കലിൽ ഉണ്ടായിയിരുന്നു. ആ പരമ്പരയിൽപെട്ട പിൻതലമുറക്കാർ അധിവസിച്ചു വന്ന മണ്ണാണിത്.

കർഷകരായ സാധാരണക്കാർ സ്വന്തം വീടും കൃഷിഭൂമിയും കാസർകോടിൻ്റ വിനോദ സഞ്ചാര വികസന സ്വപ്‌നങ്ങൾക്ക് വേണ്ടി വിട്ടു കൊടുക്കുകയായിരുന്നു. ദാന ധർമത്തിൻ്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന ഉന്നത തലത്തിലുള്ള പെരും കൊള്ളകൾക്ക്‌ അടിയറവ് പറഞ്ഞ ചരിത്രം ഇന്നാട്ടിലെ മനുഷ്യർക്കില്ല. എല്ലാം വീണ്ടെടുക്കണം, ബേക്കൽ ടൂറിസം പദ്ധതി നല്ല നാളേയ്ക്കും തലമുറകൾക്കും വേണ്ടി വളരണമെന്ന് ജനങ്ങൾ ഒന്നാകെ ആവശ്യപ്പെടുന്നു.

അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിലെ ചിത്താരി- കീക്കാൻ വില്ലജ് പരിധിയിലെ, ചേറ്റുകുണ്ട് പ്രദേശത്തുള്ള 53.33 ഏക്കർ ഭൂമിയുടെ യഥാർത്ഥ രേഖകൾ ഗ്രീൻ ഗേറ്റ് വേ ലൈശ്വർ ലിമിറ്റഡ് (Green Gateway Leisure Ltd. -GGL) എന്ന കമ്പനി കേരളത്തിലെ നാല് ബാങ്കുകളുടെ ശാഖകളിൽ പണയപ്പെടുത്തി 89 കോടി രൂപ അനധികൃതമായി വായ്‌പ എടുത്തു എന്നാണ് പരാതി. ഇപ്പോൾ 113 കോടി രൂപയാണ് ബാങ്കിൽ അടക്കാൻ കുടിശികയുള്ളത്. പ്രസ്തുത ഭൂമി സംസ്ഥാനത്തെ നാല് ബാങ്കുകൾ ജപ്‌തി നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ റീസർവ്വേ നമ്പർ- 01/5, 08/1, 08/2, 11/1, 11/2, 24/3 തുടങ്ങിവയിലും പള്ളിക്കര പഞ്ചായത്തിൽ കീക്കാൻ വില്ലേജിൽ റീസർവ്വേ നമ്പറിലും ഉദുമ പഞ്ചായത്തിലും ബി.ആർ.ഡി.സിക്ക് സ്വന്തമായി ഭൂമിയുണ്ട്. ജില്ലയുടെ ടൂറിസം വികസനത്തിന് വേണ്ടിയാണ് സർക്കാർ ബി.ആർ.ഡി.സിക്ക് ഹെക്ടർ കണക്കിന് ഭൂമി വർഷങ്ങൾക്ക് മുമ്പ് പതിച്ചു നൽകിയത്.

മതിയായ സെക്യൂരിറ്റി ഇല്ലാതെ വായ്‌പ, ക്രമക്കേട് ബാങ്ക് നടപടികളിലും

ബേക്കൽ റിസോർട്‌സ് കോർപറേഷൻ മുൻ ഡയറക്ടറായിരുന്ന ഷാജി മാധവൻ കോർപറേഷൻ്റെ ഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നതിന് ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് അനുമതി(എൻ.ഒ.സി) നൽകി. ഭൂമി പണയപ്പെടുത്തി വായ്‌പ നൽകുന്നതിൽ സംസ്ഥാനത്തെ ബാങ്കുകളുടെ നടപടികളിൽ വീഴ്‌ചകുണ്ടായി. മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് സുപ്രധാന ബാങ്കുകൾ വായ്‌പകൾ നൽകിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊമേഴ്‌സ്യൽ ബ്രാഞ്ച് തിരുവനന്തപുരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൊമേഴ്‌സ്യൽ ബ്രാഞ്ച് എറണാകുളം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചാലായി ബ്രാഞ്ച് തിരുവനന്തപുരം, ധനലക്ഷ്‌മി ബാങ്ക് തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് 89 കോടി രൂപ വായ്‌പ എടുത്തത്. ടൂറിസം റിസോർട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ബി.ആർ.ഡി.സിയുടെ ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തിയതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് വിജിലൻസിൻ്റെ പ്രാഥമിക കണ്ടെത്തൽ.

ടൂറിസവും ശരിയാകും, നന്നാക്കിയാൽ

കേരള ചീഫ് സെക്രട്ടറി ചെയർമാൻ ആയിട്ടുള്ള ബി.ആർ ഡി.സിയുടെ പ്രവർത്തനം കാര്യക്ഷമമായിട്ടാണ് നടന്നുവരുന്നത്. കൂടാതെ സ്വത്ത് പണയപ്പെടുത്തിയതിൽ വന്ന സാമ്പത്തിക നഷ്ടം നികത്താൻ ഗ്രീൻ ഗേറ്റ് വേ ലൈശ്വർ ലിമിറ്റഡ് കമ്പനിക്കെതിരെ റവന്യൂ റിക്കവറി നടപടിയും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇത്രയും കാലം ആയിട്ടും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബി.ആർ.ഡി.സി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബി.ആർ.ഡി.സി മുൻ ഡയറക്ടർക്കും മറ്റും ഇതുവരെയായി യാതൊരുവിധ വകുപ്പുതല അന്വേഷണ നടപടികളും അന്ന് ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ജി.ജി.എൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഇ.എം നജീബ് ഇപ്പോൾ ടൂറിസം ഗവേർണിംഗ് ബോർഡ് അംഗം ആണെന്നാണ് വിവരം.

‘നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ. ടൂറിസം സ്വത്ത് ജാമ്യമാക്കി വായ്‌പയെടുത്ത് കുടിശിക വരുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം. -ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ.പി പറഞ്ഞു.’ ‘കോർപറേഷൻ്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ഉദുമ പഞ്ചായത്തിൽ മലാംകുന്നിൽ പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനത്തിന് സജ്ജമായി വരികയാണ്. കൂടാതെ കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ റിസോർട് കം എൻ്റെർടൈമെണ്ട് വില്ലജ് ടൂറിസം പദ്ധതി ഉടൻ പ്രവർത്തന സജ്ജമാകും.’ അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *