എഴുത്തുകാരൻ്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing എഴുത്തുകാരൻ്റെ  സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഏറെ വിവാദമായ എസ് ഹരീഷിന്റെ മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്ത് വായിച്ചല്ല പുസ്തകത്തിന്റെ നിരോധനം ആവശ്യപ്പെടേണ്ടത് എന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഈ നിരോധന ആവശ്യം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൃഷ്ടികളിലേക്ക് കടന്നുകയറുന്ന പ്രവണത അംഗീകരിക്കാനാകില്ല, അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാകില്ലെന്ന നിലപാടാണ് ഇന്ന് കോടതി എടുത്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. നോവല്‍ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ മാസം കോടതി പറഞ്ഞിരുന്നു. പിന്നീട് പരാതിക്കാരന്‍ ഹരജി പിന്‍വലിക്കാന്‍ അനുമതി തേടിയെങ്കിലും കേസില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിരോധനം വേണ്ടന്നും നോവലിലെ വിവാദ ഭാഗം നീക്കിയാല്‍ മതിയന്നും എഴുതി സമര്‍പ്പിച്ച വാദത്തില്‍ പിന്നീട് ഹരജിക്കാരനായ ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരനിക്കല്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നോവല്‍ നിരോധനത്തെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് പറഞ്ഞു. ഭരണഘടനയിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും ഹരീഷ് പറഞ്ഞു.

0Shares