കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിലും മതിയായ പരിഗണനയോടെ അവരെ സംരക്ഷിക്കുന്നതിലും ഇടതു മുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം നല്‍കുന്ന പ്രത്യേക സഹായ ധനത്തിന്റെ അവസാന ഗഡു വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി പ്രത്യേക താല്‍പര്യം കാട്ടണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതിയുടെ വെളിച്ചം പകര്‍ന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുനരധിവാസ- ക്ഷേമ പ്രവര്‍ത്തനങ്ങളും ചികിത്സാ പദ്ധതിയും ഫല പ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ജാഗ്രത കാട്ടും. 11 പഞ്ചായത്തുകളിലെ 3,549 പേര്‍ക്കായി 57 കോടിയോളം രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ മുഴുവന്‍ ബി.പി.എല്‍ കാര്‍ഡിന്റെ ഉടമകളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി. കരുണാകരന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
