എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു ഈമാസം വിതരണം ചെയ്യും.

  • Post category:news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു ഈമാസം വിതരണം ചെയ്യും.


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു അര്‍ഹരായ എല്ലാവര്‍ക്കും ഈ മാസം 30നു വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. സുപ്രിംകോടതി വിധിപ്രകാരമുള്ള ധനസഹായം അര്‍ഹരായ എല്ലാവര്‍ക്കും ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. നബാര്‍ഡ് ഐഡിഎഫ് സ്‌കീമില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട വലിയ പദ്ധതികള്‍ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാവാത്ത സാഹചര്യത്തില്‍ പദ്ധതി കാലാവധി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എം പാനല്‍ പട്ടികയിലുള്‍പ്പെട്ട മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് വര്‍ധിപ്പിക്കുന്നത് പരിശോധിക്കാന്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തും. ദുരിതബാധിതരുടെ ചികില്‍സാച്ചെലവിന് അഞ്ചുകോടി രൂപ കൂടി ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ രോഗികള്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പ്രത്യേക ഉത്തരവിറക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കും. ഇതുസംബന്ധിച്ച് നേരത്തേയുള്ള ഉത്തരവുപ്രകാരം റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് അനുമതി തേടും. മരണമടഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശ്രിതര്‍ക്ക് ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികസഹായം അനുവദിക്കുന്നുണ്ട്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് സെപ്തംബര്‍ 26 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു വ്യക്തമാക്കി.

0Shares