
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണ് യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്‍റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു.

1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞിരുന്നു. ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, എല്ലാ പള്ളികളും 1934ലെ ഭരണഘടനയനുസരിക്കാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി.
പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.
