എക്‌സിറ്റ് പോളുകള്‍ ശരിയായി വന്നാൽ കേരളത്തില്‍ നടക്കുക നാല് ഉപതെരഞ്ഞെടുപ്പുകള്‍; ബി.ജെ.പിക്ക് പ്രതീക്ഷ മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും

  • Post category:news
  • Reading time:1 min read
You are currently viewing എക്‌സിറ്റ് പോളുകള്‍ ശരിയായി വന്നാൽ കേരളത്തില്‍ നടക്കുക നാല് ഉപതെരഞ്ഞെടുപ്പുകള്‍; ബി.ജെ.പിക്ക് പ്രതീക്ഷ മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും

കേരളത്തിലെ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകള്‍ ശരിയാവുകയാണെങ്കില്‍ അധികം വൈകാതെ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ നടക്കുക. കോഴിക്കോട് എ. പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എ.എം ആരിഫ്, വടകരയില്‍ കെ. മുരളീധരന്‍ എന്നിവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ഇതിൽ പ്രദീപ് കുമാര്‍ കോഴിക്കോടിനെയും ആരിഫ് അരൂരിനെയും കെ. മുരളീധരന്‍ വട്ടിയുര്‍ക്കാവ് മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഇതിന് പുറമെയാണ് സിറ്റിംങ് എം.എല്‍.എ മുസ്ലീംലീഗിലെ പി.ബി അബ്ദുള്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം.

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ തോറ്റത്. സുരേന്ദ്രന്‍റെ അപരന്‍ ആയിരത്തിലധികം വോട്ടുകള്‍ പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ മഞ്ചേശ്വരം ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കാലകാലങ്ങളായി എല്‍.ഡി.എഫ് യു.ഡി.എഫിന് വോട്ടുമറിക്കുന്നു എന്ന് ആരോപണം നേരിടുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

കെ. മുരളീധരന്‍ വടകരയില്‍ ജയിക്കുകയാണെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇവിടെയും ബി.ജെ.പി ശക്തിതെളിയിച്ച മണ്ഡലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ 7622 വോട്ടുകള്‍ക്കാണ് ഇവിടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ ടി.എന്‍ സീമയ്ക്ക് ഇവിടെ മൂന്നാം സ്ഥാനമായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ കക്ഷികള്‍ ചിലയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്. വടകരയില്‍ ബി.ജെ.പി മുരളിധരന് വോട്ട് മറിക്കുമെന്നും ഇതിന് പ്രത്യുപകാരമായി വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് സഹായിക്കുമെന്ന ആരോപണം നേരത്തെ തന്നെ സി.പി.എം ഉന്നയിക്കുന്നുണ്ടായിരുന്നു. ഏതായാലും മഞ്ചേശ്വരത്തിന് പുറമെ വട്ടിയൂര്‍ക്കാവിലും ബി.ജെ.പി നല്ല മത്സരം കാഴ്ചവെയ്ക്കാനുള്ള സാധ്യതയാണ് ഉള്ളത്.

0Shares