കാസര്‍കോട്: എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഓഫീസ് ഉപരോധിച്ചു. കാസര്‍കോട് റോഡിലെ കുഴികളില്‍ വീണ് വാഹന അപകടവും, മരണവും നിത്യസംഭവമായ സാഹചര്യത്തില്‍ അടിയന്തിരമായി റോഡിലെ കുഴികളടച്ച് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുന്‍സിപ്പല്‍ കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചത്. ഉപരോധ ഫലമായി അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയ പാതയിലെ കുഴികള്‍ അടക്കുവാന്‍ തീരുമാനമായി. റീ ടാറിങ് ജോലികള്‍ മൂന്നുദിവസത്തിനകം ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
ഏറ്റവും കൂടുതല്‍ കുഴികളുള്ള പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശിയ പാതയിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80 ലക്ഷം രൂപ അനുവദിച്ചു. ഇതുവരെ 10 ലക്ഷം രൂപയായിരുന്നു ദേശീയ പാതയുടെ റീ ടാറിങ് വര്‍ക്കുകള്‍ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ ഫണ്ട് പാസാക്കിയതായുള്ള എ.എസ് പകര്‍പ്പ് ഒരു മണിക്കൂറിനകം ലഭിക്കുമെന്നും, അത് ലഭിച്ചാലുടന്‍ ഉപരോധം അവസാനിപ്പിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കാസര്‍കോട് ദേശീയ പാതയിലെ കുഴികള്‍ അടിയന്തിരമായി അടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി രണ്ട് ജെ.സി.ബികളെ ഉപയോഗിച്ച് നാല് ദിവസത്തിനകം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, പി.എം മുനീര്‍ ഹാജി, മൂസാ ബി ചെര്‍ക്കള, ബീഫാത്തിമാ ഇബ്രാഹിം, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, അശ്രഫ് എടനീര്‍, ടി.ഡി കബീര്‍ തുടങ്ങിയവരും ഉപരോധത്തില്‍ സംബന്ധിച്ചു.
