കാസര്‍കോട്: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി പ്രശസ്ത ഷഹനായ് ഗായകന്‍ ഉസ്താദ് ഹസ്സന്‍ ഭായിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഡോ. ശെല്‍വിന്‍കുമാര്‍ ഹസ്സന്‍ ഭായിക്ക് ഡോക്ടറേറ്റ് പദവി രേഖപ്പെടുത്തിയ പ്രശസ്തി പത്രവും സര്‍വ്വകലാശാലയുടെ എംബ്ലം പതിപ്പിച്ച മെഡലും നല്‍കി. ഇന്ത്യക്കകത്തും പുറത്തുമുള്ള 16 കലാ പ്രതിഭകളെയാണ് സര്‍വ്വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചത്. ബിസ്മില്ലാഖാന്റെ ശിഷ്യരില്‍ ഒരാളായ ഹസ്സന്‍ഭായി ജില്ലക്കകത്തും പുറത്തും നിരവധി വേദികളില്‍ ഷഹനായി കച്ചേരി അവതരിപ്പിച്ചു വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുപൂജ അവാര്‍ഡ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ സംഗീത അക്കാദമി അവാര്‍ഡ്, കലാശ്രീ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കാസര്‍കോട് ദേളി സ്വദേശിയായ ഹസ്സന്‍ ഭായിക്ക് മാതാവില്‍ നിന്നാണ് സംഗീതത്തിന്റെ വഴിയിലേക്ക് നടക്കാനുള്ള ഊര്‍ജം ലഭിച്ചത്. മാതാവ് നബീസ നന്നായി പാടുമായിരുന്നു. ചെറുപ്പത്തില്‍ പാട്ടിനോടുള്ള ഹസ്സന്‍ ഭായിയുടെ താത്പര്യം കണ്ടറിഞ്ഞ പിതാവ് മൈസൂരില്‍ സംഗീതം പഠിക്കാനായി ചേര്‍ക്കുകയായിരുന്നു. മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാനഗായകന്‍ നാഗരാജ ബുഡാഷയായിരുന്നു ആദ്യഗുരു. കര്‍ണാട്ടിക്കും പാശ്ചാത്യസംഗീതവും അദ്ദേഹം ഭായിക്ക് പകര്‍ന്നുകൊടുത്തു. പാശ്ചാത്യവും പൗരസ്ത്യവുമായ മുപ്പതോളം സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാനറിയുന്നവര്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്.
വയലിന്‍, കീബോര്‍ഡ്, തബല, ഓടക്കുഴല്‍, സരോദ്, സിത്താര്‍, ഗിറ്റാര്‍(ക്ലാസിക്കല്‍, സ്പാനിഷ്, ഹവായ്), ബസ്രാജ്, ദില്‍രുപ, വീണ, രുദ്രവീണ, മോഹനവീണ, സരസ്വതിവീണ, ക്ലാരനെറ്റ്, കോറനെറ്റ്, സാക്‌സഫോണ്‍, ഹോബോ, ബാംസുരി, ഇംഗ്ലീഷ് ഫ്‌ളൂട്ട്, ആര്‍ട്ടിക്കോഡ്, ഷഹനായി, സുന്ദരി, ബ്യൂഗിള്‍, ടാംപറ്റ്, മൗത്ത് ഓര്‍ഗണ്‍, ഡ്രംസ്, സായീബഞ്ചോ, മൃദംഗം, ചെണ്ട, ഇടയ്ക്ക, മാന്‍െഡാലിന്‍, പിയാനോ, ഹാര്‍മോണിയം, ഭീം, കുങ്കി(പാമ്പാട്ടികള്‍ വായിക്കുന്നത്), ഡമരു, ഗഞ്ചിറ, തംബുരു, പാനി(ഘടം) തുടങ്ങിയ ഉപകരണങ്ങളില്‍ പ്രാവീണ്യം നേടിയിരുന്നു.
ഉസ്താദ് ഹസ്സന്‍ ഭായിയെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു