ഉള്‍നാട്ടിലെ ജനങ്ങളില്‍ വികസനം എന്താണെന്ന് അറിയിച്ച വ്യക്തി; രാഷ്ട്രീയ പകപോക്കലില്‍ വധിക്കാന്‍ ശ്രമിച്ചവരെ പോലും പുഞ്ചിരികൊണ്ട് നേരിട്ടു; കടുത്ത സി.പി.എം പ്രവര്‍ത്തകര്‍ പോലും റദ്ദുച്ചയെ സ്നേഹിക്കുമ്പോള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഉള്‍നാട്ടിലെ ജനങ്ങളില്‍ വികസനം എന്താണെന്ന് അറിയിച്ച വ്യക്തി; രാഷ്ട്രീയ പകപോക്കലില്‍ വധിക്കാന്‍ ശ്രമിച്ചവരെ പോലും പുഞ്ചിരികൊണ്ട് നേരിട്ടു; കടുത്ത സി.പി.എം പ്രവര്‍ത്തകര്‍ പോലും റദ്ദുച്ചയെ സ്നേഹിക്കുമ്പോള്‍

ഹാരിസ് പുണ്ടൂര്‍

കാസര്‍കോട്: 2000 ത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് പി.ബി അബ്ദുല്‍ റസാഖ് ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കടന്നുവരുന്നത്. മുസ്ലിം ലീഗിന്റെ ബാനറില്‍ മത്സര രംഗത്തേക്ക് കടന്നുവരുമ്പോള്‍ അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു നാട്ടുകാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കണം. രാഷ്ട്രീയവും അതിലുള്ള വേര്‍തിരിവും തിരഞ്ഞെടുപ്പ് കാലത്ത്മാത്രം കണ്ടിരുന്ന അദ്ദേഹം പിന്നീട് അങ്ങോട്ട് ജാതി, മത, രാഷ്ട്രീയ, ഭേത മന്യേ എല്ലാവേരയും ഒരുപോലെ കണ്ടു. കേരള രാഷ്ട്രീയത്തില്‍ നാം കണ്ട നേതാക്കളില്‍ ചുരുക്കം നേതാക്കളില്‍ ഒരാളാണ് പി.ബി അബ്ദുല്‍ റസാഖ്. നാടിന്റെ സമാധാനം, ശാന്തി വികസന മുഖ മുദ്രയാകുമ്പോള്‍ പലകോണുകളില്‍ നിന്നും വിയോജിപ്പുകളുണ്ടാകാം. വിജയത്തിന് വേണ്ടി എന്ത് വൃത്തികേട് കാണിക്കാനും മടിയില്ലാത്ത കേരള രാഷ്ട്രീയത്തില്‍ പി.ബി അബ്ദുല്‍ റസാഖ് വേറിട്ട് നിന്നു.തനിക്ക് വിജയം സുനിശ്ചിതമാണെന്ന ശുഭാപ്തി വിശ്വാസം, അതിനായുള്ള കഠിനാധ്വാനം, ഓരോ പ്രദേശത്തെയും ഓരോ വ്യക്തികളെയും നേരില്‍കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് പഠിക്കുകയും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കുകയും ചെയ്യുന്നതിനോടൊപ്പം ചെയ്ത് കൊടുക്കാന്‍ പറ്റുന്ന വാഗ്ദാനങ്ങള്‍ മാത്രം ജനങ്ങളോട് തുറന്ന് പറയുന്ന പ്രകൃതം. അത് കൊണ്ട് തന്നെ റദ്ദുച്ചയെ നാട്ടുകാര്‍ക്ക് ഇഷ്ട്ടമായിരുന്നു. റദ്ദുച്ച വാക്ക് പറഞ്ഞാല്‍ അതിനപ്പുറം ജനങ്ങളില്‍ എതിരഭിപ്രായമില്ലായിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ ആദ്യം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായതോടെ അദ്ദേഹത്തിലെ ഉത്തരവാദിത്വവും കൂടി എന്നത് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു. പിന്നീട് അങ്ങോട്ട് വികസനങ്ങളിലൂടെ ഓരോ മേഖലകളും അദ്ദേഹത്തിന്റെ കരമൊപ്പമുണ്ടായിരുന്നു. അന്നു വരെ അവിടത്തെ നാട്ടുകാര്‍ അറിയാത്ത, കാണാത്തവിധം എന്തൊക്കെ ചെയ്യാനാകും ഒരു ജനപ്രതിനിധിയെകൊണ്ട് എന്നത് അദ്ദേഹം അവിടത്തുകാര്‍ക്ക് കാണിച്ച് കൊടുത്തു. റോഡും വെളിച്ചവും വീടും കുടിവെള്ളവും ഉള്‍പ്പടെയുള്ള അടിസ്ഥാന വികസനത്തോടപ്പം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സാമ്പത്തികമായി ഭദ്രതയുള്ള കുടുംബമായതിനാല്‍ ഒരു രൂപ പോലും പ്രതിഫലം പറ്റാതെയുള്ള രാഷ്ട്രീയ ജീവിതത്തിനോടൊപ്പം പാവപ്പെട്ടവരെ സഹായിക്കാനും റദ്ദുച്ച മറന്നില്ല. തന്റെ വീട്ടിലേക്ക് സഹായം ചോദിച്ചെത്തുന്ന പാവപ്പെട്ടവനെ കഴിയുന്ന വിധം സഹായിക്കുകയും ചെയ്തിരുന്നു.സഥലമില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലം അദ്ദേഹം സ്വന്തമായി വാങ്ങി നല്‍കിയതും വലിയ നന്മയുടെ ഭാഗമാണ്. 2000 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിടുകയും അതിന്റെ ഭാഗമായി രാത്രി അദ്ദേഹത്തിന്റെ വാഹനം ആക്രമത്തിന് ഇരയാകുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടായി മാറിയ അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വികസനം കൊണ്ട് അവരുടെ പോലും പ്രിയങ്കരനായി മാറി. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താത്ത അദ്ദേഹം എതിര്‍ ചേരിയിലുള്ളവര്‍ ആവശ്യപ്പെടുന്ന നാടിന്റെ വികസനം ഏതായാലും ആദ്യം ചെയ്തുകൊടുക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതുകൊണ്ടാവണം എതിര്‍ ചേരിയിലുള്ളവര്‍പോലും ‘വികസന നായകന്‍’ എന്ന് വിളിക്കുന്നത്.ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ പി.ബി യെ കൈവിടതെ കൊണ്ടുനടക്കാന്‍ പാര്‍ട്ടിയും ശ്രമം നടത്തിയതോടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ പാണക്കാട് കുടുംബമായും പി.കെ കുഞ്ഞാലികുട്ടിയുമായും അദ്ദേഹത്തിനുള്ള അടുപ്പം കൂടുതല്‍ ദൃഡമായി തുടര്‍ന്നു. പിന്നീടങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് പി.ബി അബ്ദുല്‍ റസ്സക്കിന് ഓരോ ചുമതലകള്‍ നല്‍കി. അത് കൊണ്ടാണ് പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായും, 2011 മുതല്‍ മഞ്ചേശ്വരം എം.എല്‍.എ യായും അദ്ദേഹം തിരഞ്ഞടുക്കപ്പെടുന്നത്. 2011 മുതല്‍ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വികസനം ചെയ്തത് കൊണ്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇടം കണ്ടെത്തിയാലും തിരഞ്ഞെടുപ്പ് ഗോദയിലെ ചരടുവലിയില്‍ അതിനുള്ള സ്ഥാനം വളരെ ചെറുത് എന്നതും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനുള്ള ഉദാഹരണമാണ് തനിക്കുള്ള 89 വോട്ടിന്റെ ഭൂരിപക്ഷമെന്നത് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുമായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനം ഒരുപാടുണ്ട് മണ്ഡലത്തില്‍, അത് നല്ലവണ്ണം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ജനപ്രതിനിധിയെയാണ് മണ്ഡലം ഉറ്റുനോക്കുന്നത്. അത് ആരാകും എന്നത് നമുക്ക് കണ്ടറിയാം.

(മഞ്ചേശ്വരം മണ്ഡലത്തിൽ പി ബി അബ്ദുൽ റസാഖ് എം എൽ എ തുടങ്ങിവെച്ച വികസനങ്ങൾ)

0Shares