കാസര്‍കോട്: ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് തുടക്കം. തലപ്പാടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്ന വിഷ്ണു ബസിന് നേരെയാണഅ കടമ്പാറില്‍ വെച്ച് കല്ലേറുണ്ടായത്. മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ ഉപ്പള ഹിദായത്ത് നഗറില്‍ വച്ചുണ്ടായ കല്ലേറില്‍ ഗ്ലാസ് തകര്‍ന്നു. ഉപ്പള കൈക്കമ്പയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന് നേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്നാണ് നാട്ടുകാര്‍ അറിയിക്കുന്ന വിവരം.
ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ ആരിക്കാടിയില്‍ വച്ച് മിനി ബസിന് നേരെ ബൈക്കിലെത്തിയവര്‍ കല്ലെറിഞ്ഞു ഗ്ലാസ് തകര്‍ത്തു. സൂരംബയലില്‍ വച്ച് ലോറിക്ക് നേരെയും കല്ലേറുണ്ടായി. പാലുമായി പോവുകയായിരുന്ന വാനിന് നേരെ കൂവത്തൊട്ടിയില്‍ വെച്ച് കല്ലേറുണ്ടായി. ജനതാ പാല്‍ വിതരണ കമ്പനിയുടെ വാനിന് നേരെയാണ് കല്ലേറുണ്ടായത്. പുലര്‍ച്ചേയുണ്ടായ സംഭവത്തില്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയമുള്ളതായി പോലിസ് പറഞ്ഞു.
ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ്; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം