
കാസര്‍കോട് : പുതിയ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ മുന്‍ഗണനാ ലിസ്റ്റ് നിര്‍ണയത്തില്‍ വന്ന അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കര്‍ഷകതൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ഗണനാ പട്ടിക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഗ്രാമസഭകള്‍ വിളിച്ച് ഇതിലെ അപാകതകള്‍ പരിഹരിച്ച് പഞ്ചായത്തിന് സമര്‍പ്പിച്ചു. പഞ്ചായത്ത് അധികൃതര്‍ ഈ ലിസ്റ്റ് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറി. എന്നാല്‍ ഇത് പരിഗണനക്കെടുക്കാതെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പഴയ മുന്‍ഗണനാ ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണത്തിനെത്തിക്കുകയായിരുന്നു. അനര്‍ഹരാണെന്ന് ഗ്രാമസഭകള്‍ കണ്ടെത്തി നല്‍കിയ പലരും നിലവില്‍ മുന്‍ഗണന ലിസ്റ്റിലാണുള്ളത്.

അതേസമയം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട നിരവധി കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. ഇതോടെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ വര്‍ഷങ്ങളായി വാങ്ങുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജില്ലയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നടപടിയിലൂടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. അപാകതകള്‍ പരിഹരിക്കാന്‍ വേണ്ട നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി കുഞ്ഞിരാമനും സെക്രട്ടറി വി.കെ രാജനും അറിയിച്ചു.
