കളനാട്: ഉദുമ ടെക്‌സ്റ്റയില്‍ മില്ല് ഉടന്‍ തുറക്കണമെന്ന് സി.പി.എം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വ്യവസായ പിന്നോക്കാവസ്ഥക്ക് പരിഹാരമായാണ് പൊതുമേഖലയില്‍ ഈ വന്‍കിട വ്യവസായ സ്ഥാപനം തുടങ്ങിയത്. ടെക്‌സ്റ്റയില്‍ കോര്‍പറേഷന്റെ കീഴില്‍ 17 കോടി രൂപ ചെലവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് മൈലാട്ടിയില്‍ ആധുനിക രീതിയിലുള്ള ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് മില്ല് സ്ഥാപിച്ചത്. തറക്കല്ലിട്ട് ഏഴുമാസത്തിനുള്ളില്‍ ഫാക്ടറി നിര്‍മിച്ചു. എല്ലാ യന്ത്രസംവിധാനങ്ങളും സ്ഥാപിച്ചു. തൊഴിലാളികളെ നിയമിച്ചാല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി. റാങ്ക്‌ലിസ്റ്റ് തയ്യാറായപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. അതോടെ നിയമനം മുടങ്ങി. പിന്നീട് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റ് റദ്ദാക്കി. നിയമനത്തിന് മറ്റ് നടപടികളും സ്വീകരിച്ചില്ല. കുറ്റമറ്റരീതിയില്‍ തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് റദ്ദാക്കിയത്. ഇതോടെ കോടികള്‍ മുടക്കിയ മില്ല് പ്രവര്‍ത്തിപ്പിക്കാനാകാതെ യന്ത്രങ്ങള്‍ തുരുമ്പെടുക്കാന്‍ തുടങ്ങി. അതിനാല്‍ നിയമതടസങ്ങള്‍ നീക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ച് മില്ല് തുറക്കാന്‍ നടപടിയെടുക്കണം. ചര്‍ച്ചകള്‍ക്ക് സംസ്ഥാനകമ്മിറ്റി അംഗം എം.വി ബാലകൃഷ്ണനും ടി നാരായണനും മറുപടി പറഞ്ഞു.
ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍, കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെ വി ഭാസ്‌കരന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതിക്കായി കണ്‍വീനര്‍ ആര്‍ പ്രദീപും പ്രസീഡിയത്തിനായി എം കുമാരനും നന്ദി പറഞ്ഞു. കളനാട് കേന്ദ്രീകരിച്ചാണ് ബഹുജന പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും തുടങ്ങിയത്. മേല്‍പറമ്പ് ഇമ്പിച്ചിബാവ നഗറില്‍ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍, പി കെ പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ഉദുമ ഏരിയാസെക്രട്ടറിയായി കെ മണികണ്ഠനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയാകമ്മിറ്റിയെയും 23 ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ടി നാരായണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, എം കുമാരന്‍, എം ഗൗരി, വി വി സുകുമാരന്‍, കെ വി ഭാസ്‌കരന്‍, പി കെ അബ്ദുല്ല, മധു മുതിയക്കാല്‍, കെ സന്തോഷ്‌കുമാര്‍, എം കെ വിജയന്‍, ചന്ദ്രന്‍ കൊക്കാല്‍, എ നാരായണന്‍ നായര്‍, ഇ കുഞ്ഞിക്കണ്ണന്‍, ഇ മനോജ്കുമാര്‍, എ വി ശിവപ്രസാദ്, വി ഗീത, വി ആര്‍ ഗംഗാധരന്‍ എന്നിവരാണ് ഏരിയാകമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
ഉദുമ ടെക്‌സ്റ്റയില്‍ മില്ല് ഉടന്‍ തുറക്കണമെന്ന് സി.പി.എം ഉദുമ ഏരിയാസമ്മേളനം; ഏരിയാ സെക്രട്ടറിയായി കെ മണികണ്ഠനെ തെരെഞ്ഞെടുത്തു