ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിൻ്റെ വീട്ടില്‍ വിജലന്‍സും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിൻ്റെ വീട്ടില്‍ വിജലന്‍സും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നു

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിഡിഎഫ് നേതാവുമായ ജയിംസ് പന്തമ്മാക്കലിൻ്റെ വീട്ടിലും ഓഫീസിലും വിജിലന്‍സിന്റെയും ആദായവകുപ്പ് ഉദ്യോഗസ്ഥരുടേയും റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഇരു സംഘവും ചേര്‍ന്ന് റെയ്ഡ് നടത്തുന്നത്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായ എസ്. ഷാനവാസ്, എ.സി ചന്ദ്രന്‍, ഇന്‍സ്പെക്ടര്‍മാരായ ഗണേശ് കുമാര്‍, സുരേഷ്, ശശികുമാര്‍, സജിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജയിംസിന്റെ പാലാവയലിലെ വീട്ടിലാണ് പുലര്‍ച്ചേ അഞ്ചുമുതല്‍ സംഘം റെയ്ഡ് നടത്തുന്നത്. കോഴിക്കോടു നിന്നെത്തിയ സംഘമാണ് വീട്ടില്‍ വിശദമായ പരിശോധന നടത്തുന്നത്. പഞ്ചായത്ത് ഷോപിങ് കോപ്ലക്‌സ് നിര്‍മാണത്തിലും അഴിമതി നടന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴും റെയ്ഡ് തുടരുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ജയിംസ് പന്തമ്മാക്കലും അണികളും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പത്ത് സീറ്റ് നേടി ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ജനകീയ വികസന മുന്നണി രൂപീകരിച്ചിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് സീറ്റും ഡി.ഡി.എഫ് നേടിയിരുന്നു. സി.പി.എമ്മിന്റെ സഹായവും തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്ക് ലഭിച്ചതിനാല്‍ വലിയ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. ഇതിനിടയിലാണ് ഇവരുടെ പ്രധാന നേതാവായ ജയിംസ് പന്തമാക്കലിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി.

0Shares