
കോഴിക്കോട്: നമ്മുടെ രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് മുൻപ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഹിന്ദുത്വ ആശയങ്ങളും നയങ്ങളും നടപ്പിൽ വരുത്തുകയും ചെയ്യുന്ന ആർ.എസ്.എസ് വിധേയനായ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്നും വി.എസ്. കൂട്ടിച്ചേർത്തു. കോഴിക്കോട് മണ്ഡലത്തിലെ മാത്തോട്ടത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ഇത്തരത്തില്‍ ഒരു വിഷമകരമായ അവസ്ഥയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും വി.എസ്. പറഞ്ഞു. അതിനാൽ നിർണായക വിധിയെഴുത്തിന് തയാറാകണം. പശുവിന്റെ പേരിൽ 24 മുസ്ലീങ്ങളെ കൊലചെയ്തിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ ജനങ്ങൾ അർഹിക്കുന്ന ശിക്ഷ നൽകണം. വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
ഈ രാജ്യത്ത് മതേതരമായി ചിന്തിക്കുന്ന പ്രസ്ഥാനം ഒന്നു മാത്രമേ ഉള്ളു എന്നും അത് ഇടതുപക്ഷം ആണെന്നും വി.എസ് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ തള്ളിപ്പറയുകയും മുഖവിലക്കെടുക്കാതെ അവമതിക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി. ഭരണം അവസാനിപ്പിക്കാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നും വി.എസ്. ഓർമ്മപ്പെടുത്തി.
