കാസര്‍കോട്: ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഏക സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആണ് നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഗേള്‍സ് വി.എച്ച്. എസ്.എസ്. പതിറ്റാണ്ടുകളായി നിരവധി തലമുറകളാണ് ഇവിടെ നിന്നും പഠനത്തിന് ശേഷം പുറത്തിറങ്ങിയത്. എങ്കിലും സ്കൂളില്‍ ആദ്യമായാണ് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 17ന് സാബിറ അബ്ദുള്‍റഹിം ബങ്കര പ്രസിഡന്റ് ആയി രൂപീകരിച്ച ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനില്‍ (ഓ.എസ്.എ) ഇരുപത് എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആണ് ഉള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സമാനമായ മറ്റ് സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഓ.എസ്.എ കാഴ്ചവെച്ചത്.
ഇവരുടെ പ്രവർത്തനം പി.ടി.എ കമ്മിറ്റിയെ പോലും അമ്പരപ്പിക്കുന്നതാണ്. ഇതുവരെ 4 ലക്ഷത്തിൽ അധികംരൂപ ഇതിനായി ഇവർ സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്തുകഴിഞ്ഞു. സർക്കാർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലർ മടികാണിക്കുമ്പോൾ ഇവരുടെ പ്രവർത്തനം നാട്ടുകാരിൽത്തന്നെ അത്ഭുതം ജനിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഓ.എസ്.എ ഒരു വലിയ ആശ്രയമായി മാറിയിരിക്കുകയാണ്.
സ്കൂളിലേക്ക് ആവശ്യമായ ജലം ശുദ്ധീകരിക്കല്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ക്ലാസ്റൂം ജനാലകള്‍, ക്ലാസ് റൂമുകളില്‍ സൗണ്ട് സിസ്റ്റം, വാഷ് ബേസിനുകള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള പഠനഉപകരണ വിതരണം, ഓഫീസ് ഫയലുകള്‍ സൂക്ഷിക്കാനുള്ള ഷെല്‍ഫ്, ക്ലാസ് റൂമുകളില്‍ കാര്‍പെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്താണ് ഈ സംഘടന വ്യത്യസ്തമാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ ഉപരിപഠനത്തിന് ആവശ്യമായ സഹായം നൽകുന്നതിനും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഓ.എസ്.എ നേതൃത്വം നൽകുന്നുണ്ട്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉന്നത വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 25ന് ക്യാഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ നെല്ലിക്കുന്ന് എം.എല്‍.എ എന്‍. എ നെല്ലിക്കുന്ന് ആണ് അവാര്‍ഡ് വിതരണം ചെയ്തത്.
പ്രിന്‍സിപ്പല്‍മാരായ പ്രസീദ പി.സി, ബിന്‍സി, ഹെഡ് മാസ്റ്റര്‍ കൃഷ്ണന്‍ നമ്പൂതിരി, പി.ടി. എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ്, റഷീദ് പൂരണം, അധ്യാപകരായ കെ. അനില്‍ കുമാര്‍, വിജേഷ്, ശ്രീജ, സരിത, ഓ.എസ്.എയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സാബിറ അബ്ദുള്‍ റഹിം, ചരിഷ്മ ഹനിഫ്, മെഹ്റുന്നിസ ഹമീദ്, വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആയിഷ ബങ്കര എന്നിവര്‍ പങ്കെടുത്തു. റജുല ഷംസുദ്ദീന്‍ സ്വാഗതവും ഷാഹിദ സബീന നന്ദിയും പറഞ്ഞു. ഓ.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക സംഭാവനയായി നല്‍കിയ എ.കെ ഫൌസിയ ഫറൂഖ്നേയും കൂടുതല്‍ ഫണ്ട് ശേഖരിച്ച ഓ.കെ മറിയം, ജുവലിയ അഷ്‌റഫ് എന്നിവരെ ആദരിച്ചു.