ഇരിയണ്ണിയില്‍ പാചകക്കാരനായി ഒരു വാസുവേട്ടനുണ്ട്; പ്രതിഫലം വേണ്ട ആ കൈപ്പുണ്യത്തിന്

  • Post category:local news
  • Reading time:1 min read
You are currently viewing ഇരിയണ്ണിയില്‍ പാചകക്കാരനായി ഒരു വാസുവേട്ടനുണ്ട്; പ്രതിഫലം വേണ്ട ആ കൈപ്പുണ്യത്തിന്

കാസര്‍കോട്: നാവില്‍ രുചിയൂറുന്ന സദ്യയൊരുക്കി എന്നും നാട്ടുകാരുടെ പ്രിയങ്കരനാണ് ഇരിയണ്ണിയിലെ വാസുവേട്ടന്‍. മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരനായ വാസുവിനെ നാട്ടുകര്‍ക്ക്് ഏതാഘോഷത്തിനും കൈവിടാനാവില്ല. അത്രയ്ക്ക്് കൈപുണ്യമുണ്ട് വാസുവേട്ടന്റെ പാചകത്തിന്. 30 വര്‍ഷമായി പാചകരംഗത്തു സജീവമായി നില്‍ക്കുന്ന വാസുവേട്ടന്‍ ആരോടും ഇതുവരെ പ്രതിഫലം വാങ്ങാന്‍ ഒരുങ്ങിയിട്ടില്ല. വിളിച്ചാല്‍ വിളിപ്പുറത്തായി ഏത് വിശേഷത്തിനും സൗജന്യമായി ഉറക്കമൊഴിഞ്ഞ് ഭക്ഷണം പാകം ചെയ്ത് നല്‍കുകയാണ് ഇപ്പോഴും. കൂടാതെ നാട്ടിലെ സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- കായികമേഖലയിലെ നിറസാന്നിധ്യണിദ്ദേഹം. സ്‌കൂള്‍ കലോത്സവങ്ങള്‍, സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എല്ലായിടത്തും തന്റെ ഭക്ഷണപ്പെരുമയൊരുക്കാന്‍ വാസുവേട്ടന്‍ ഒരുക്കമാണ്. ബിരിയാണി, നെയ്‌ച്ചോറു എന്നുവേണ്ട വടക്കന്‍ കേരളത്തിലെ വിഭവങ്ങളെല്ലാം തയ്യാറാക്കും. പിതാവും അമ്മാമനും ഈമേഖലയില്‍ പേരുകേട്ടവരായിരുന്നു. നേരത്തെ ഹോമിയോ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കിയ അനുഭവസമ്പത്ത് വച്ച് ചെറിയ തരം വൈദ്യത്തിനും അദ്ദേഹം മുന്നിലുണ്ട്. ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, ഇരിയണ്ണി എ.കെ.ജി ഗ്രന്ഥാലയം പ്രസിഡന്റ്, ബേപ്പ് യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹി എന്നീ നിലകളിലും ഇന്നും കര്‍മനിരതനാണ്. അടുത്ത വര്‍ഷം ജോലിയില്‍നിന്ന് വിരമിച്ച ശേഷം പാചകരംഗത്ത് കൂടുതല്‍ സജീവമാകണമെന്നാണ് വാസുവേട്ടന്റെ ആഗ്രഹം. ഫോണ്‍: 9446070651.

 

0Shares