
കാസര്‍കോട്: വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്‍റെ ലോകത്തേക്ക് ചുവടുവെക്കുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആസുരിക ശക്തികളുടെ മൂര്‍ത്തിമത് ഭാവമായ മഹിഷാസുരനെ ശക്തിസ്വരൂപിണിയായ ദേവി നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മയാണ് വിജയദശമി പ്രതിനിധാനം ചെയ്യുന്നത്.സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്.
