
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കൂടുമാറാനൊരുങ്ങുന്നു. ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരങ്ങളായ മിലന്‍ സിംഗ്, ജാക്കിചന്ദ് സിംഗ് എന്നിവര്‍ അടുത്ത സീസണില്‍ വേറെ ക്ലബിലായിരിക്കുമെന്ന് പ്രമുഖ മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവര്‍ക്കു പുറമേ മറ്റൊരു മധ്യനിര താരമയ ദീപേന്ദ്ര നേഗിയും ക്ലബ് വിടുമെന്ന് സൂചനകളുണ്ട്.

മിലന്‍ സിംഗ് മുംബെ സിറ്റി എഫ്‌സിയിലേക്കാണ് കൂടുമാറാനൊരുങ്ങുന്നത്. മിലനെ കൂടാതെ സെനെ റാള്‍ട്ടെ, സൗവിക്ക് ചക്രവര്‍ത്തി, ബിപിന്‍ സിങ് തുടങ്ങിയവരും മുംബൈയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞുവെന്നാണ് സൂചനകള്‍. ഈ സീസണ്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിക്കേണ്ടി വന്ന മുംബൈക്ക് നേരിട്ട് പ്ലേഓഫിലെത്താന്‍ ആയിരുന്നില്ല. ഈ തിരിച്ചടി മറികടക്കാനാണ് അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാനൊരുങ്ങുന്നത്. ജാക്കിചാന്ദ് സിംഗ് എഫ്സി ഗോവയിലേക്കാണ് കൂറുമാറുന്നത്. രണ്ട് വര്‍ഷത്തേയ്ക്കാണ് ഗോവയുമായുളള ജാക്കിയുടെ കരാര്‍. ഇതോടെ സിഫ്നിയോസിന് പിന്നാലെ ഗോവയിലെത്തുന്ന മറ്റൊരു താരം കൂടിയായി മാറി ജാക്കിചാന്ദ്.
