ഇനിയും അവഗണന സഹിച്ച് തുടരാനാവില്ല; കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എൻ.ഡി.എ വിടാൻ ബി.ഡി.ജെ.എസ്

  • Post category:news
  • Reading time:1 min read
You are currently viewing ഇനിയും അവഗണന സഹിച്ച് തുടരാനാവില്ല; കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എൻ.ഡി.എ വിടാൻ  ബി.ഡി.ജെ.എസ്

സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എൻ.ഡി.എ വിടണമെന്ന വികാരം ബി.ഡി.ജെ.എസിൽ ശക്തമാകുന്നു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റടക്കം നൽകണമെന്ന ആവശ്യവുമായി ഒരിക്കൽ കൂടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ബി.ഡി.ജെ.എസ് സമീപിക്കും.ഇനിയും അവഗണന സഹിച്ച് എൻ.ഡി.എയിൽ തുടരേണ്ടെന്ന പൊതുവികാരമാണ് കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യുട്ടീവിൽ ഉയർന്നത്.

യോഗത്തില്‍ 14 ജില്ലാ പ്രസിഡന്റുമാരും മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണി വിടണമെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തു കഴിഞ്ഞു. വരുന്ന ഡിസംബർ അഞ്ചിന് ബി.ഡി.ജെ.എസിന് നാല് വയസ് തികയും. ഒരു രാജ്യസഭാ സീറ്റും എട്ട് ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും നൽകുമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ വാഗ്ദാനം. കിട്ടിയതാകട്ടെ മൂന്ന് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ മാത്രം.

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായെ കണ്ട് ആവശ്യങ്ങൾ നേടിയെടുക്കാൻ, തുഷാർ വെള്ളാപ്പള്ളി തന്നെ നേരിട്ട് നടത്തിയ ശ്രമങ്ങൾ പോലും പരാജയപ്പെട്ടു. ഒരിക്കല്‍ക്കൂടി ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് കത്ത് നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ബി.ഡി.ജെ.എസിന്‍റെ അഞ്ചാം വാർഷിക സമ്മേളനത്തിൽ മുന്നണി വിടുന്ന കാര്യം പ്രഖ്യാപിക്കും. നിലവില്‍ കോൺഗ്രസ് – സി.പി.എം നേതാക്കളുമായി അനൗദ്യോഗിക ചർച്ചകളും ബി.ഡി.ജെ.എസ് നടത്തുന്നുണ്ട്.

0Shares