ഇനിമുതല്‍ ‘ദേശീയ താത്പര്യ’മുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം മതി; കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്ക്കരണം

  • Post category:news
  • Reading time:2 mins read
You are currently viewing ഇനിമുതല്‍  ‘ദേശീയ താത്പര്യ’മുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം മതി; കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്ക്കരണം

“അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായി, പി.എച്ച്ഡി കോഴ്‌സുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗവേഷകര്‍ പഠനം നടത്തുന്ന വിഷയങ്ങളെല്ലാം ദേശീയ താത്പര്യത്തിനൊപ്പം നില്‍ക്കുന്നവയാണെന്ന് ഉറപ്പു വരുത്തണം, വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ ഗവേഷണം നടത്താനുള്ള സാധ്യതയ്ക്കു പകരം, വകുപ്പു തലവന്മാര്‍ പ്രൊഫസര്‍മാര്‍ക്കൊപ്പം യോഗം ചേര്‍ന്ന്, അതാതു വകുപ്പുകളില്‍ ഗവേഷണം നടത്താവുന്ന ദേശീയ താത്പര്യമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പട്ടിക തയ്യാറാക്കുകയും, വിദ്യാര്‍ത്ഥികള്‍ ഈ പട്ടികയില്‍ നിന്നും വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന വ്യവസ്ഥ വരണം”, കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറാണിത്.

ഗവേഷകര്‍ ഇനി മുതല്‍ ‘ദേശീയ താത്പര്യ’പ്രകാരമുള്ള വിഷയങ്ങളില്‍ മാത്രം പഠനങ്ങള്‍ നടത്തിയാല്‍ മതിയാകുമെന്ന് കൃത്യമായി പ്രതിപാദിക്കുന്ന സര്‍ക്കുലര്‍, കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ വിവാദങ്ങള്‍ക്കു വഴി വച്ചിരിക്കുകയാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഒളിച്ചു കടത്തുന്ന കാവിവത്ക്കരണത്തിന്‍റെ ഉദാഹരണങ്ങള്‍ പല തവണയായി പലയിടത്തും വെളിപ്പെട്ടിട്ടുള്ളതാണ്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ത്തന്നെ ഇതിനു മുന്‍പും ദേശീയതയും സംഘപരിവാര്‍ ആശയപ്രചരണവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രാജ്യത്തെ യുവജനങ്ങളെ വരുതിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സര്‍വകലാശാലകളില്‍ നടക്കുന്ന തീവ്രവലത് ആശയപ്രചരണങ്ങളുടെ പുതിയ രൂപമാണ് കേന്ദ്ര സര്‍വകലാശാലയില്‍ പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലര്‍.

കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ചു ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവേഷണം ചെയ്യേണ്ട വിഷയം തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥിക്ക് നിഷേധിക്കുന്നതോടെ, ഗവേഷകരുടെ അക്കാദമിക ജീവിതത്തിലേക്കു തന്നെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമായാണ് ആദ്യം മുതല്‍ക്കേ ഈ പരാമര്‍ശം വിലയിരുത്തപ്പെട്ടത്. ഡിസംബറില്‍ എടുത്ത തീരുമാനമാണെങ്കിലും, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാറാണ് ഇത് നടപ്പില്‍ വരുത്തുന്ന ആദ്യത്തെയാള്‍. മറ്റു സര്‍വകലാശാലകളിലൊന്നും ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതായി അറിവില്ല.

‘ദേശീയ താല്‍പര്യപ്രകാരമുള്ള’ വിഷയങ്ങളെന്നാല്‍ എത്തരത്തിലുള്ളവയാണെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, അഡ്മിനിസ്‌ട്രേഷന്‍ വിരല്‍ ചൂണ്ടുന്നതെങ്ങോട്ടാണെന്ന് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ടെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ പക്ഷം. തുടര്‍ച്ചയായി ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍വകലാശാല ക്യാംപസ്സില്‍ ഈ സര്‍ക്കുലര്‍ കൂടി നിലവില്‍ വന്നാല്‍, പഠനത്തിനു വെളിയിലുള്ള ചര്‍ച്ചകളെല്ലാം പാടേ ഇല്ലാതെയാകുമെന്നതിലും സംശയമില്ല.

സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളില്‍ പഠനം നടത്തുന്ന ഗവേഷകരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലറെന്നാണ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ പക്ഷം. അംബേദ്കര്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് പോലുള്ള വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നവര്‍, പഠനത്തിനു പുറത്തേക്ക് അത്തരം ചര്‍ച്ചകള്‍ വ്യാപിപ്പിക്കുന്നത് സ്വാഭാവികമാണ്. സജീവമായ ചര്‍ച്ചകളും പ്രതിരോധങ്ങളുമില്ലാതെ ഇത്തരം വിഷയങ്ങളില്‍ ഗവേഷണം സാധ്യമല്ലതാനും. ഇത്തരം ചര്‍ച്ചകള്‍ ക്യാംപസ്സില്‍ സജീവമാകുന്നതോടെ പല പ്രശ്‌നങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ ആളുണ്ടാകുകയും ചെയ്യും. പഠന വിഷയത്തെ ഗൗരവമായി എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കര്‍ഫ്യൂ ഉണ്ടാകുന്നതിനെതിരെയും ക്യാംപസ്സിനകത്തെ ജാതീയതയ്‌ക്കെതിരയുമെല്ലാം ശബ്ദമുയര്‍ത്തും. ഇത്തരം എതിര്‍ ശബ്ദങ്ങളെ പ്രതിരോധിക്കാനാണ് പുതിയ സര്‍ക്കുലറുകള്‍ കൊണ്ടുവരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

(എഴുത്ത്- ശ്രീഷ്മ)

0Shares