കാഞ്ഞങ്ങാട്: നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരു പ്രശ്നവുമില്ലെന്നും അഭിനയം മാത്രമാണെന്നും പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് ഒരുസ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. പിന്നീട് ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവം നടന്ന കാഞ്ഞങ്ങാട്ട്. സംഭവത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലടക്കം കാഞ്ഞങ്ങാട് കുന്നുമ്മലിലെ ദീപ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും വന്‍ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയില്‍ ഉണ്ടായ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടത് രാജപുരം പൊടവടുക്കം അരിയളത്തെ മുരളീധരന്റെ ഭാര്യ ആശ (26)യാണ്. കലശലായ ഛര്‍ദ്ദിയും ക്ഷീണവും കാരണവുമാണ് ആശയെ ഈമാസം 13ന് രാവിലെ കാഞ്ഞങ്ങാട്ടെ ദീപ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്കു ശേഷം ഇത് രോഗിയുടെ അഭിനയമാണെന്നും താനിത് കുറേ കണ്ടതാണെന്നും അത് പ്രശ്‌നമാക്കേണ്ടെന്നും ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു.
വേദന വീണ്ടും കൂടിവന്നപ്പോഴും ഇതേ പ്രതികരണമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തദിവസം ഡിസ്ചാര്‍ജ് വാങ്ങി വൈകീട്ട് ബന്ധുക്കള്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് ആശയെ കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ കുഞ്ഞ് മരിച്ചുപോയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധ കയറിയതിനാല്‍ ആശ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 21 നു ഉച്ചയോടെ ആശ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തോടെ ദീപ ആശുപത്രിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ എംഎം കുഞ്ഞിരാമന്റേയും സുകുമാരിയുടേയും മകളാണ് ആശ. മുരളീധരനും ആശയ്ക്കും നാലുവയസ്സ് പ്രായമുള്ള കാര്‍ത്തിക് എന്ന മകനും ഉണ്ട്. വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് ആശുപത്രിയ്ക്കെതിരെയും അവിടത്തെ ഡോക്ടര്‍ക്ക് എതിരെയും വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.
ഇങ്ങനെയും ഒരാശുപത്രി കേരളത്തിലുണ്ടോ? ഛര്‍ദ്ദിച്ച് അവശയായി ആശുപത്രിയില്‍ എത്തിച്ച യുവതി അഭിനയിക്കുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച് ഡോക്ടര്‍ പറഞ്ഞയച്ചു; ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത കാഞ്ഞങ്ങാട് ദീപ ആശുപത്രിക്കെതിരെ വന്‍പ്രതിഷേധം