ആസിഫും രാഹുലും എന്‍റെ ഖല്‍ബിലെ നക്ഷത്രങ്ങള്‍; സന്തോഷ്‌ ട്രോഫി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ടി.എ ഷാഫി എഴുതുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing ആസിഫും രാഹുലും എന്‍റെ ഖല്‍ബിലെ നക്ഷത്രങ്ങള്‍; സന്തോഷ്‌ ട്രോഫി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ടി.എ ഷാഫി എഴുതുന്നു

ടി.എ ഷാഫി

ആഹ്ളാദം തിരതല്ലിയടിക്കുന്ന നേരങ്ങളുണ്ടാവാറുണ്ട്, ജീവിതത്തില്‍ ചിലപ്പോഴെങ്കിലും. ഏറ്റവും മധുരിതമായ ഈസ്റ്റര്‍ എനിക്ക് ലഭിച്ചത് ഇത്തവണയാണ്. ഞായാഴ്ച ഉച്ചയാവാന്‍ വേണ്ടി കാത്തിരിക്കുമ്പോഴും നെഞ്ചിടിപ്പുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്ക് രാജ്യം കണ്ണും കാതും കൂര്‍പ്പിച്ചുനില്‍ക്കുമ്പോള്‍ എന്‍റെ ഖല്‍ബ് ടോര്‍ച്ചടിച്ചുനിന്നത് കെ.പി രാഹുലിലേക്കും പി.സി ആസിഫിലേക്കുമായിരുന്നു. ഒരു ശരാശരി മനുഷ്യന്‍റെ സ്വാര്‍ത്ഥതയാവാം അത്.  സന്തോഷ് ട്രോഫിയില്‍ എന്റെ ജില്ലയില്‍ (കാസര്‍കോട്) നിന്ന് ബൂട്ടണിയാന്‍ ഭാഗ്യമുണ്ടായത് രാഹുലിന് മാത്രമെങ്കില്‍ ടീമിനെയാകെ നിയന്ത്രിക്കുന്ന, നയിക്കുന്ന, വഹിക്കുന്ന ടീം മാനേജര്‍ എന്‍റെ പ്രിയകൂട്ടുകാരന്‍, ജന്മനാടായ തളങ്കരയെപ്പോലെ തന്നെ ഞാന്‍ സ്‌നേഹിക്കുന്ന മൊഗ്രാല്‍ സ്വദേശി (എനിക്ക് മൊഗ്രാല്‍ ദേശം തന്ന സ്‌നേഹത്തിന്‍റെ നേര്‍പകുതി പോലും തിരിച്ചുനല്‍കാന്‍ എനിക്കായിട്ടില്ല) ആസിഫ് ആണെന്നത് എനിക്ക് വലിയ സന്തോഷവും അഭിമാനവുമായിരുന്നു.

കൊല്‍ക്കത്തയിലേക്ക് ഒപ്പം പോവാന്‍ ആസിഫ് എന്നെ കുറച്ചൊന്നുമല്ല നിര്‍ബന്ധിച്ചത്. പക്ഷെ പോവാന്‍ കഴിഞ്ഞില്ല. ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആസിഫ് വിളിച്ചിരുന്നു. ഫൈനല്‍ ലൈന്‍അപ്പ് എനിക്ക് അയച്ചുതന്നു. തീര്‍ത്തും കോണ്‍ഫിഡന്‍ഷ്യലാണെന്നും ടീം കളിക്കാനിറങ്ങുന്നത് വരെ ആരോടും പറയരുതെന്നും ചട്ടംകെട്ടിയിരുന്നു. എന്നാല്‍ എന്നിലെ പത്രപ്രവര്‍ത്തകനിലെ സ്വാര്‍ത്ഥത ഉണര്‍ന്നു. കളിക്ക് മുമ്പേ ആ ലിസ്റ്റ് പ്രസിദ്ധീകരിച്ചുവന്നു.

രാഹുല്‍ എന്നില്‍ സൗഹൃദത്തിന്‍റെ ഒരു നൂല് കെട്ടിയാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ച ദിവസം. കോഴിക്കോട്ട് നിന്ന് രാഹുല്‍ തൃക്കരിപ്പൂരിലേക്ക് വരികയാണ്. പക്ഷെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിമാരിലൊരാളും മികച്ച സംഘാടകനും ബ്ലെയ്‌സ് തളങ്കരയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് ചക്കര രാഹുലിനെ വിളിച്ച് ഒരൊറ്റ നിര്‍ബന്ധം. തൃക്കരിപ്പൂരിലിറങ്ങരുത്, കാസര്‍കോട്ട് വരണം.

സന്തോഷ് ട്രോഫി കേരള ടീം പ്രഖ്യാപിച്ചുവെന്നും ടീമിലെ ഏക കാസര്‍കോടന്‍ സാന്നിധ്യം രാഹുലാണെന്നും വളരെ കുറച്ചുപേര്‍ മാത്രമേ അപ്പോള്‍ അറിഞ്ഞിരുന്നുള്ളു. രാഹുല്‍ കാസര്‍കോട്ടിറങ്ങി. നിലംതൊടാതെ, രാഹുലിനെ ഉള്ളംകയ്യില്‍ കോരിയെടുത്ത് തളങ്കര കടവത്തെ ബ്ലെയ്‌സ് ഓഫീസിലേക്ക് അനുമോദനത്തിന് കൊണ്ടുവരുന്നതിനിടയില്‍ എനിക്ക് സിദ്ദീഖിന്‍റെ കോള്‍.  ‘പെട്ടെന്നൊന്ന് ബ്ലെയ്‌സില്‍ വരണം’.

 

എന്താണ് കാര്യമെന്ന് തിരക്കാന്‍ പോലും വിട്ടില്ല. ഒരു അതിഥിയുണ്ട്, ഉടന്‍ വരണമെന്ന് മാത്രം പറഞ്ഞ് സിദ്ദീഖ് കട്ട് ചെയ്തു. ഞാന്‍ ചെല്ലുമ്പോള്‍ മെലിഞ്ഞ ഒരു പയ്യന്‍ അവിടെ ഇരിക്കുന്നു. എനിക്ക് അപരിചിതനാണയാള്‍. പേര് തിരക്കി. ‘രാഹുല്‍ കെ.പി. പിലിക്കോട്ടാണ് വീട്. സന്തോഷ് ട്രോഫി ടീമില്‍ ഇടം കിട്ടിയിട്ടുണ്ട്. ആസിഫ്ച്ചയുടെയൊക്കെ ഇടപെടല്‍ കൊണ്ടാണ്…’ ബ്ലെയ്‌സ് രാഹുലിനെ അനുമോദിച്ചു. സന്തോഷ് ട്രോഫി ടീം പ്രഖ്യാപനത്തിന്‍റെ ചൂടാറുംമുമ്പേ, രാഹുലിന് ആദ്യത്തെ അനുമോദനം.  സിദ്ദീഖ് ഒരുപഹാരം എനിക്ക് നേരെ നീട്ടി. ‘ഇത് രാഹുലിന് സമ്മാനിക്കണം’ നിനച്ചിരിക്കാതെ വീണുകിട്ടിയ ഒരു ഭാഗ്യനിമിഷമായിരുന്നു അതെനിക്ക്. രാഹുലിനെ ഞാന്‍ ചേര്‍ത്തുപിടിച്ചു. ഉപഹാരം സമ്മാനിച്ചു. കളിയെഴുത്തുകാരന്‍ അബു കാസര്‍കോടും ബ്ലെയ്‌സ് പ്രസിഡണ്ട് നൗഫല്‍ തായലും ഹസ്സന്‍ പതിക്കുന്നിലും ഒക്കെയുണ്ടായിരുന്നു. ചേര്‍ത്തുപിടിച്ച് ഞാന്‍ രാഹുലിന്‍റെ കവിളില്‍ മുത്തംവെക്കുമ്പോള്‍ രാഹുല്‍ എന്‍റെ കാതിലൊരു കാര്യം പറഞ്ഞു.

‘ഗോളടിക്കാന്‍ പ്രാര്‍ത്ഥിക്കണം. നന്നായി കളിച്ചാല്‍മാത്രം പോര. എനിക്ക് സ്‌കോര്‍ ചെയ്യണം’ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടു. ഒന്നല്ല, സന്തോഷ് ട്രോഫിയില്‍ രാഹുലിന്‍റെ പാദങ്ങളില്‍ നിന്ന് പിറന്നത് മൂന്ന് ഗോളുകള്‍. എങ്കിലും സിംഹക്കൂട്ടില്‍ ചെന്ന് സിംഹത്തെ മലര്‍ത്തിയടിക്കുന്നത് പോലെ ബംഗാളിനെതിരെ രാഹുല്‍ നേടിയ ആ വിജയഗോള്‍ അത് മറക്കാനാവില്ല… ഒരിക്കലും… ഒരായിരം ഗോളാരവങ്ങള്‍ പിറന്നാലും.

0Shares