ആല്‍ഫി മാര്‍ട്ടിന്റെ ചികിത്സയ്ക്ക് ഉത്രാടം നാളില്‍ കലാകാരന്മാര്‍ ജീവകാരുണ്യയാത്ര നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing ആല്‍ഫി മാര്‍ട്ടിന്റെ ചികിത്സയ്ക്ക് ഉത്രാടം നാളില്‍ കലാകാരന്മാര്‍ ജീവകാരുണ്യയാത്ര നടത്തും

കുറ്റിക്കോല്‍: കഴിഞ്ഞ മാസം രണ്ടിന് സ്‌കൂളില്‍ നിന്നു വീട്ടിലേക്കുള്ള ബസ് യാത്രക്ക് ഇരിയണ്ണിയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ മംഗളൂരു ചികിത്സയില്‍ കഴിയുന്ന ആല്‍ഫി മാര്‍ട്ടിന്റെ ചികിത്സാഫണ്ടിലേക്കു ധനസമാഹരണത്തിനു ഞായര്‍ ഉത്രാടം നാളില്‍ ബിരിക്കുളം ചൈത്രവാഹിനി കലാകാരന്മാര്‍ ജീവ കാരുണ്യ യാത്ര നടത്തും. മാവുങ്കാലില്‍ നിന്ന് രാവിലെ പത്തരക്ക് ആരംഭിക്കുന്ന കാരുണ്യ യാത്ര ശിവഗിരി സ്വാമി ബോധ ചൈതന്യ ഉദ്ഘാടനം ചെയ്യും. മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ ദേശീയ പാതയിലുള്ള മുഴുവന്‍ കവലകളിലും സംഘം സംഗീത പരിപാടി നടത്തും. സമാപനയോഗം പാണത്തൂര്‍ പള്ളി വികാരി ഫാ. ജോര്‍ജ് വണ്ടുമല ഉദ്ഘാടനം ചെയ്യും. സംഗീത യാത്രയുമായി സഹകരിക്കാന്‍ ചികിത്സാ കമ്മറ്റി കണ്‍വീനറും കുറ്റിക്കോല്‍ പഞ്ചായത്തു മെമ്പറുമായ ജോസ് പാറത്തട്ടേല്‍ മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു.

ഇതിനോടകം വിവിധ ഭാഗങ്ങളില്‍നിന്നു സഹായധനമെത്തി. യു.എ.ഇ. ഷാഡോ പ്രവാസി കൂട്ടായ്മ, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇടനീര്‍, പടുപ്പ് ബദര്‍ ജുമാ മസ്ജിദ്, ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് മഡോണ എ.യു.പി.സ്‌കൂള്‍, ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2003-04 വര്‍ഷത്തെ എസ്.എസ്.എല്‍.സി. ബാച്ച്, പൊയിനാച്ചി സെന്റ് മേരീസ് ദേവാലയം, പൊയിനാച്ചിയിലെ ജോജോ ചേന്നാട്ട് കുടുംബം തുടങ്ങിയയിടങ്ങളില്‍നിന്നാണ് കഴിഞ്ഞ ദിവസം സഹായധനം ലഭിച്ചതെന്ന് സഹായനിധി കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.

 

0Shares