കാസര്‍കോട്: ആലൂരിലെ താല്‍ക്കാലിക തടയണ ഇത്തവണയും വേനല്‍ മഴയില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതാണ് തടയണ തകരാന്‍ കാരണം. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ഥാപിച്ച തടയണ തകര്‍ന്നത് കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കും. എത്രയും വേഗം തടയണ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളായ മുളിയാര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, പഞ്ചായത്തുകളിലുള്ളവരും ഈ വര്‍ഷം ഉപ്പുവെള്ളം ഉപ്പ് വെള്ളം തന്നെ കുടിക്കേണ്ടി വരും. രണ്ട് പതിറ്റാണ്ടോളമായി ജല അതോറ്ററിയുടെ താത്കാലിക തടയണ ആലൂരില്‍ ഓരോ വര്‍ഷവും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇത് വേനല്‍ മഴയില്‍ തകരുന്നത് പതിവാണ്.
ഇതിന് വേണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവാക്കുന്നത് ലക്ഷങ്ങളാണ്. ഇതു വരെ സ്ഥിരം തടയണയുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ചാണ് ഓരോ വര്‍ഷവും തത്കാലിക തടയണ നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക്ക് ചാക്ക് പയസ്വിനി പുഴയെ മലിനമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം തടയാന്‍ വേണ്ടിയാണ് ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നത്.
ആലൂരിലെ താല്‍ക്കാലിക തടയണ ഇത്തവണയും വേനല്‍ മഴയില്‍ തകര്‍ന്നു; കാസര്‍കോട് നഗരം ഇക്കുറിയും ഉപ്പുവെള്ളം കുടിക്കേണ്ടിവരും