ആരിക്കാടിയിലെ ലോറിയപകടത്തിന് കാരണം അമിതവേഗതയെന്ന് പോലിസ്; മീന്‍ലോറികളുടെ മരണപ്പാച്ചലിന് നിയന്ത്രണം വേണമെന്ന് നാട്ടുകാര്‍

  • Post category:local news
  • Reading time:1 min read
You are currently viewing ആരിക്കാടിയിലെ ലോറിയപകടത്തിന് കാരണം അമിതവേഗതയെന്ന് പോലിസ്; മീന്‍ലോറികളുടെ മരണപ്പാച്ചലിന് നിയന്ത്രണം വേണമെന്ന് നാട്ടുകാര്‍

കുമ്പള: ആരിക്കാടി കടവത്ത് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിക്കാനിടയായ അപകടമുണ്ടാകാന്‍ കാരണം മീന്‍ ലോറിയുടെ അമിത വേഗതയാണെന്ന് പോലീസ്. മീന്‍ലോറികളുടെ മരണപ്പാച്ചലിന് നിയന്ത്രണം വേണമെന്ന് നാട്ടുകാര്‍. മീന്‍ കയറ്റി വരുന്ന വാഹനങ്ങളുടെ അമിതി വേഗതകാരണം നിരവധി ജീവനുകളാണ് ഒരുവര്‍ഷത്തിനിടേ മംഗളൂരു കാസര്‍കോട് പാതയില്‍ പൊലിയുന്നത്. മിക്ക അപകടങ്ങളും രാത്രിയും പുലര്‍ച്ചേയുമാണ് നടക്കുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതുകാരണം അപകടത്തില്‍പെട്ടവര്‍ പലപ്പോഴും ചോരവാര്‍ന്ന് മരിക്കുകയാണ് പതിവ്. ഞായറാഴ്ച രാവിലെ 7.45 മണിയോടെയാണ് കുമ്പള ആരിക്കാടിക്ക് സമീപം മീന്‍ ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ മീന്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല എരമല്ലൂര്‍ പുതുശ്ശേരി കോളനിയിലെ ബിജു എരമല്ലൂര്‍ (47) ആണ് മരിച്ചത്. മീന്‍ലോറിയിലുണ്ടായിരുന്ന സഹഡ്രൈവര്‍ ബാബു(39), കണ്ടയ്നര്‍ ലോറിയിലെ ജീവനക്കാരായ ഉത്തര്‍പ്രദേശിലെ സന്തോഷ് (26), സന്തല്‍(33) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീന്‍ കൊണ്ടുവരാനായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയും പൂനയില്‍ നിന്ന് കാറുമായി കൊച്ചിയിലേക്ക് വരികയായിരുന്ന കണ്ടയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. തകര്‍ന്ന മീന്‍ലോറിക്കകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവര്‍ ബിജുവിനെ ലോറിയുടെ ഭാഗം വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇടിച്ച ശേഷം രണ്ട് ലോറികളും റോഡിന്റെ ഇരുവശത്തുമായി മറിയുകയായിരുന്നു.

0Shares