
കാസർകോട്: പെൺകുട്ടികൾക്ക് വിവാഹമല്ല, വിദ്യാഭ്യാസമാണ് ആദ്യം വേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. സ്ത്രീസമൂഹത്തിന്‍റെ മുഖം സയെനെഡ് ജോളിയുടേതല്ല. സ്ത്രീകൾക്കെതിരെ ദിനംപ്രതി നിരവധി ട്രോളുകളാണ് ഉയർന്നു വരുന്നത്. ഏതെങ്കിലും ഒരു സ്ത്രീ കുറ്റം ചെയ്‌താൽ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നത് ശരിയല്ലെന്നും വനിതാ കമ്മീഷൻ പറഞ്ഞു. കാസർകോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കമ്മീഷന്‍ അദാലത്തില്‍ ജില്ലയിൽ 30 പരാതികളാണ് ഉണ്ടായിരുന്നത്. അതിൽ 5 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. മൂന്നെണ്ണം വിവിധ വകുപ്പുകളിലേക്ക് റിപ്പോർട്ട് നൽകാൻ അയച്ചു. 22 എണ്ണം അടുത്ത അദാലത്തിലേക്ക് നീട്ടിവച്ചു. കാസർകോട് ജില്ലയിൽ പരാതികൾ കുറവാണെന്നും ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണെന്നും കമ്മീഷൻ പറഞ്ഞു.

ഒരു പരാതിയിൽ വാദം നടന്നു കൊണ്ടിരിക്കുമ്പോൾ മേലുദ്യോഗസ്ഥന്‍റെ അവധി കത്തുമായി വന്ന പോലീസുകാരനോട് കമ്മീഷൻ അൽപനേരം കാത്തിരിക്കാൻ പറഞ്ഞു. എന്നാൽ അത് വകവെയ്ക്കാതെ
നിരുത്തരവാദപരമായി പെരുമാറിയ പോലീസ് കോൺസ്റ്റബിളിനെ അടുത്ത അദാലത്തിൽ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ഉപ്പളയിലെ ഡോക്ടർ വിവാഹം കഴിച്ച ജാർഖണ്ഡ് യുവതി നൽകിയ പരാതിയിൽ ജീവനാംശം ലഭ്യമാക്കുന്നതിനുള്ള അന്വേഷണ നടപടികൾ ആരംഭിച്ചു. ജാർഖണ്ഡിൽ ഡോക്ടറായിരുന്ന വനിതാ ഡോക്ടർ തന്‍റെ സഹോദരന്‍റെ മനോരോഗം മറച്ചുവച്ച് വിവാഹം കഴിപ്പിക്കുകയും പിന്നീട് ഭർത്താവ് മരിച്ചപ്പോൾ സ്വത്തും ജീവനാംശവും നൽകാതെ ചതിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. മറ്റൊരു പരാതിയിൽ വീട്ടുചെലവിന് പണം നൽകാത്ത സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്നും 3000 രൂപ ഭാര്യക്ക് കൊടുപ്പിക്കുകയും കുടുംബം നന്നായി നോക്കുന്നതിന് നല്ലനടപ്പിന് നിർദ്ദേശിക്കുകയും ചെയ്തു.
അവിവാഹിതയായ യുവതി നൽകിയ പരാതിയിൽ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അപകീർത്തിപ്പെടുത്തിയെന്നത് അന്വേഷിക്കാൻ പോലീസിന്‍റെ സൈബർ സെല്ലിന് കൈമാറി. കുടുംബപ്രശ്നങ്ങളും, സാമൂഹിക പ്രശ്നങ്ങളും അടക്കം വനിതാ കമീഷന് ലഭിച്ച പരാതികളിൽ തീർപ്പുണ്ടാക്കുന്നതിന് ഉടൻ പരിഹാരം കാണുമെന്നും വനിതാകമ്മീഷൻ അംഗങ്ങളായ ഷാഹിദ കമാൽ, ഇ.എം രാധ എന്നിവർ പറഞ്ഞു. വനിതാസെൽ എസ്.ഐ ശാന്ത, അഡ്വക്കേറ്റ് ഉഷ എ.പി എന്നിവരും അദാലത്തിൽ സംബന്ധിച്ചു.
