കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന പാടി-നെക്രാജെ ഗ്രൂപ്പ് വില്ലേജിന് മുന്നില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം രണ്ടാം ദിവസത്തിലേക്ക്. ചൂരിപ്പള്ളം, സാലത്തടുക്ക, നെല്ലിക്കട്ട ബിലാല്‍ നഗര്‍, ഗുരുനഗര്‍ തുടങ്ങിയിടങ്ങളിലെ 35 ഓളം കുടുംബങ്ങളാണ് സമരത്തിലുള്ളത്. 20 വര്‍ഷത്തോളമായി കൈവശ ഭൂമിയില്‍ വീട് കെട്ടി താമസിച്ചു വരികയാണ് ഇവര്‍. വീടുകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ അനുവദിച്ചിരുന്നു. വൈദ്യുതിയും റേഷന്‍ കാര്‍ഡും ലഭിച്ചിരുന്നു.
എന്നിട്ടും അളന്ന് തിട്ടപ്പെടുത്തിയ ഭൂമിക്ക് ഇതുവരെയും പട്ടയം നല്‍കിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയം നല്‍കാന്‍ വില്ലേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമര സമിതി രൂപീകരിച്ച് കുടുംബങ്ങള്‍ സമരത്തിനിറങ്ങിയത്. സമരസമിതി ചെയര്‍മാന്‍ ഗോപാലന്‍, കണ്‍വീനര്‍ സഞ്ജീവന്‍ ചൂരിപ്പള്ളം, കെ.എം ഇബ്രാഹിം, ജോണ്‍സണ്‍, സുധാമണി, സഫിയ എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
നടപടിയുണ്ടായില്ലെങ്കില്‍ സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കുന്നു. അതേസമയം അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ഭരണപക്ഷ സംഘടനയായ സി.പി.ഐയും സമരത്തിനിറങ്ങുമെന്ന് കുംബഡാജെ ലോക്കല്‍ സെക്രട്ടറി സുധാകരന്‍ പറഞ്ഞു.
അര്‍ഹതയുണ്ടായിട്ടും പട്ടയം നല്‍കുന്നില്ല; നെക്രാജെ വില്ലേജ് ഓഫീസിന് മുന്നില്‍ 35 കുടുംബങ്ങളുടെ രാപ്പകല്‍ സമരം; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സി.പി.ഐയും സമരത്തിന്