
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളുടെ സമരവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധിക സർവീസുകൾ നടത്തും. ഇതുകൂടാതെ കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനം രണ്ട് സർവ്വീസുകൾ വീതവും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നും മൂന്ന് സർവീസുകൾ വീതവും ചേർന്ന് ആകെ 14 സർവീസുകൾ ബാംഗ്ലൂരിലേക്ക് നടത്താൻ തീരുമാനിച്ചു.
നിലവിൽ ദിവസേന കെ.എസ്.ആര്‍.ടി.സി 49 ഷെഡ്യൂളുകൾ ആണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിവരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ മുഴുവൻ കർണാടക ഇന്റർ സ്റ്റേറ്റ് പെർമിറ്റുള്ള ബസ്സുകളും ഈ പ്രത്യേക സർവീസുകളുടെ നടത്തിപ്പിനായി ഉപയോഗിക്കും. ഇതിനുവേണ്ടി 31 അധിക ബസ്സുകൾക്ക് കെ.എസ്.ആര്‍.ടി.സി അന്തർസംസ്ഥാന പെർമിറ്റുകൾ ലഭ്യമാക്കി കഴിഞ്ഞു. അതുപോലെതന്നെ ബാംഗ്ലൂർ നിന്നും തിരിച്ച് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവീസുകൾ നടത്തുവാനായി 8 ബസ്സുകൾ ക്രൂ സഹിതം സജ്ജമാക്കിയിട്ടുണ്ട്.

കോഴിക്കോട് നിന്നാണ് ബാംഗ്ലൂരിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് എന്നതിനാൽ നിലവിൽ 14 സർവീസുകൾ വിവിധ ഡിപ്പോകളിൽ നിന്നും അധികമായി ഓപ്പറേറ്റ് ചെയ്യുന്നതിനോടൊപ്പം, മതിയായ യാത്രക്കാർ ഉണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവീസുകൾ ബാംഗ്ലൂരിലേക്ക് അയയ്ക്കുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിൽ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ അടക്കം യാത്രക്കാർക്ക് ഓൺലൈനായി മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്. സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും നിർദേശങ്ങൾക്കും നവമാധ്യമങ്ങളിലൂടെയും ഫോൺ മുഖേനയും ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെ.എസ്.ആര്‍.ടി.സി – (24×7)
വാട്സാപ്പ് നമ്പർ – 8129562972 മൊബൈൽ &SMS -7025041205. കെ.എസ്.ആര്‍.ടി.സി, കൺട്രോൾറൂം (24×7), മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation
