കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു. അനുസരണയുള്ളവരായി വനിതാ ലീഗുകാര്‍ തുടരുകയാണ്. വനിതാ ലീഗിന് മുസ്ലിം ലീഗ് എന്നും അര്‍ഹമായ പരിഗണനയാണ് നല്‍കി പോന്നത്. അതുകൊണ്ട് സീറ്റ് അങ്ങോട്ട് ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ലന്നും പാര്‍ലമെന്റിലേക്ക് സീറ്റ് കിട്ടിയതുകൊണ്ട് മാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലന്നും അഡ്വ.പി കുല്‍സു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ മുസ്ലിം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റി സീറ്റിന് അർഹതയുണ്ടെന്ന് കുൽസു കൂട്ടിച്ചേർത്തു.
രാജ്യത്ത് വനിതകള്‍ പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം മുത്തലാഖല്ല. മറിച്ച് ദാരിദ്രവും, വിദ്യാഭ്യാസക്കുറവും, പട്ടിണിയുമൊക്കെയാണ്. ഇതില്‍ മാറ്റം വരുത്തിയാണ് നവോത്ഥാനം ഉണ്ടാവേണ്ടത്. അല്ലാതെ മതില്‍ കെട്ടിയിട്ടല്ല. സുപ്രീം കോടതി പോലും നിരോധിച്ചതാണ് മുത്തലാഖ്. ഇത് ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ക്രിമിനല്‍ നിയമം ചാര്‍ത്തിയത് നല്ല ഉദ്ദേശ്യത്തോട് കൂടിയല്ല. വിവാഹ മോചനം നടത്തിയ വ്യക്തിയെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കുന്നതോടെ സ്ത്രീയുടെ അവസ്ഥ വീണ്ടും പരിതാപകരമാവുകയാണ് ചെയ്യുന്നതെന്നും അഡ്വ.പി കുല്‍സു ചൂണ്ടിക്കാട്ടി.