മുഹമ്മദ് യാസിന് പിണഞ്ഞ അമളി; മുകുന്ദനെന്ന് കല്‍പ്പിച്ചൂ ചവിട്ടി മുചുകുന്ദനെ…!

  • Post category:news
  • Reading time:1 min read
You are currently viewing മുഹമ്മദ് യാസിന് പിണഞ്ഞ അമളി; മുകുന്ദനെന്ന് കല്‍പ്പിച്ചൂ ചവിട്ടി മുചുകുന്ദനെ…!

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് മന്ത്രിമാരെ കണ്ടാല്‍ അറിയാതായോ? കൃഷി മന്ത്രിയെയും റവന്യു മന്ത്രിയെയും തിരിച്ചറിയാത്ത ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേരളീയ സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. ഡി.ജി.പി മുഹമ്മദ് യാസിന് സംഭവിച്ചത് അബദ്ധമായാലും അറിവില്ലായ്മയായാലും ശരി, അത് മാപ്പ് അര്‍ഹിക്കാത്ത കാര്യമാണെന്നാണ് വ്യാപകമായ അഭിപ്രായ പ്രകടനം. ഇന്ന് രാവിലെ 8 മണിയോടെ മുഹമ്മദ് യാസിന്‍ മന്ത്രി ചന്ദ്രശേഖരന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചേര്‍ന്നു. മന്ത്രിയെ സന്ദര്‍ശിച്ച മുഹമ്മദ് യാസിന്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്ത ശേഷം ‘അങ്ങ് കൃഷിമന്ത്രി സുനില്‍ കുമാറല്ലേ’ എന്ന് ചോദിച്ചു. ഡി.ജി.പിയുടെ ചോദ്യം കേട്ട് പകച്ചുപോയ റവന്യു മന്ത്രി ചന്ദ്രശേഖരന്‍ താനല്ല കൃഷി മന്ത്രിയെന്നും താങ്കള്‍ക്ക് ആളുമാറിപ്പോയെന്നും പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ കേട്ട് ചമ്മിപ്പോയ ഡി.ജി.പി തനിക്ക് പറ്റിയ ജാള്യത മറച്ച് വച്ച് കൊണ്ട് മന്ത്രിയെ നീട്ടി വലിച്ചൊന്ന് സല്യൂട്ട് ചെയ്ത് ക്ഷമ പറഞ്ഞ് സ്ഥലം വിട്ടു. ഇന്റലിജന്‍സ് മേധാവിയുടെ വാക്കും പ്രകടനവും കണ്ട് മൂക്കത്ത് വിരല്‍ വച്ച് പോയ മന്ത്രി ചന്ദ്രശേഖരന്‍ മന്ത്രിമാരെ തിരിച്ചറിയാന്‍ സാധിക്കാത്ത ‘ ഇന്റലിജന്‍സിനെ’ക്കുറിച്ചോര്‍ത്ത് സഹതപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഡി.ജി.പിയെയും മന്ത്രിയേയും സമീപിച്ച് ‘സംഗതി’യുടെ പൊരുള്‍ തേടി. മന്ത്രിമാരെ തിരിച്ചറിയാന്‍ പറ്റാത്ത ഇന്റലിജന്‍സ് മേധാവിയുടെ നടപടി വളരെ മോശമായിപ്പോയെന്നാണ് ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. തനിക്ക് പറ്റിയത് ഒരബദ്ധമാണെന്നാണ് മുഹമ്മദ് യാസിന്‍ പറഞ്ഞത്. തന്റെ കാര്‍ ഡ്രൈവര്‍ക്ക് വീട് മാറിപ്പോയതാണ് ഇത്തരത്തില്‍ ഒരമളി സംഭവിക്കാന്‍ ഇടയായതെന്ന് അദ്ദേഹം പറഞ്ഞു.

0Shares