Categories
news

പെരുകുന്ന വാഹനാപകടങ്ങള്‍: കെജരിവാളിന്റെ ഉള്‍ക്കണ്ണ് തുറക്കുന്നു.

ന്യൂഡല്‍ഹി: മനുഷ്യത്വത്തിന് അങ്ങേയറ്റം വില കല്‍പ്പിച്ച് കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് രണ്ടായിരം രൂപയും പ്രശസ്തിപത്രവും നല്‍കാന്‍ സര്‍ക്കാറിന്റെ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് മന്ത്രിസഭ തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
വാഹനാപകടങ്ങളില്‍ അകപ്പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് മരണനിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അപകടങ്ങളില്‍ പെടുന്നവരോട് മനുഷ്യത്വപൂര്‍ണമായ സമീപനം കൈമോശം വന്നുകൊണ്ടിരിക്കുന്ന അവസ്ഥ പെരുകി വരുന്നത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതായി ഡല്‍ഹി ഭരണകൂടം വിലയിരുത്തി.
അടുത്തനാളില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ അപകടത്തില്‍ അകപ്പെട്ട ഒരാള്‍ ഏറെനേരം റോഡില്‍ രക്തം വാര്‍ന്നുകിടന്ന് മരിച്ച സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. 2015ല്‍ 8085 വാഹനാപകടങ്ങളാണ് തലസ്ഥാന നഗരിയിലുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ജീവന്‍ രക്ഷാ പരിശീലന പരിപാടി നല്‍കി സര്‍ക്കാര്‍ മാതൃക കാട്ടിയിരുന്നു. ഇത് റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ പുതിയ തീരുമാനം രാജ്യത്തുടനീളം ശ്രദ്ധയും പ്രശംസയും നേടുമെന്നാണ് കരുതപ്പെടുന്നത്. റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്‍ നിരയിലുള്ള കേരളത്തിലും ഇത്തരമൊരു നിയമവും നടപടി ക്രമങ്ങളും അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *