ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ബസുടമകളെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:2 mins read
You are currently viewing ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ബസുടമകളെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ഇന്ന് ബസുടമകള്‍. എന്നാല്‍ കേരളീയ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അവിഭാജ്യ ഘടകമാണ് സ്വകാര്യ ബസുടമകളും ജീവനക്കാരും എന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ജനങ്ങള്‍ക്കു വേണ്ടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നന്‍ പറഞ്ഞു. സ്വകാര്യ ബസ് സര്‍വ്വീസ് വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമാക്കുക, പ്രൈവറ്റ് ബസ്സുകളിലേത് പോലെ തന്നെ കെ.എസ്.ആര്‍.ടി.സി ബസുകളിലും വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കുക, ദേശസാല്‍കൃതമല്ലാത്ത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തി മാത്രം സമയക്രമം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ സെന്‍ട്രല്‍ എക്സൈസില്‍ വരുത്തിയ വര്‍ദ്ധനവ് പിന്‍വലിക്കുക, കേരളത്തേക്കാള്‍ ലിറ്ററിന് അഞ്ചു രൂപയോളം വിലക്കുറവുള്ള കര്‍ണ്ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ട് വരുവാന്‍ അനുവദിക്കുക, ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് അടിയന്തിരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ ഒന്നാം തീയ്യതി മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കും. ഇതിന്റെ മുന്നോടിയായി നഗരത്തില്‍ പ്രകടനവും രാവിലെ 11 മണി മുതല്‍ രണ്ടു മണി വരെ പുതിയ ബസ് സ്റ്റാന്റില്‍ ധര്‍ണ്ണയും നടത്തി. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ അദ്ധ്യക്ഷനായി. സി.എ. മുഹമ്മദ്കുഞ്ഞി (സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം), സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ വി.എം. ശ്രീപതി, പി.എ. മുഹമ്മദ്കുഞ്ഞി, എം. ഹസൈനാര്‍, തിമ്മപ്പഭട്ട് (ജില്ലാ വൈസ് പ്രസിഡണ്ട്), എന്‍.എം. ഹസൈനാര്‍ (പ്രസിഡണ്ട്, കാസര്‍കോട് താലൂക്ക്), സി. രവി (പ്രസിഡണ്ട്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക്), സുബ്ബണ്ണ ആള്‍വ (പ്രസിഡണ്ട്, മഞ്ചേശ്വരം താലൂക്ക്) എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതവും സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

0Shares