ആത്മപരിശോധനയുടെ ദുഃഖവെള്ളി.

  • Post category:news
  • Reading time:1 min read
You are currently viewing ആത്മപരിശോധനയുടെ ദുഃഖവെള്ളി.

കോട്ടയം: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ്മയില്‍ ക്രൈസ്തവ സമൂഹം ഇന്നലെ പെസഹആചരിച്ചു. ഇന്നാകട്ടെ മനുഷ്യരാശിയുടെ ഉള്ളം ഉരുക്കുന്ന ദുഃഖവെള്ളിയും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും സമസ്ത നന്മകളുടെയും മൂര്‍ത്തിമദ്ഭാവമായ യേശുക്രിസ്തുവിനെ ഗാഗുല്‍ത്താ മലയില്‍ കുരിശ്ശിലേറ്റിയ ദുഃഖ ദിനം. മാനവരാശി ഇത്രമാത്രം ദുഃഖിച്ച മറ്റൊരു ദിനം ലോക ചരിത്രത്തിലുണ്ടാകില്ല. അധര്‍മ്മത്തിനും അനീതിക്കും തിന്മകള്‍ക്കുമെതിരെ നിലക്കൊണ്ട അവതാരമൂര്‍ത്തിയായ യേശുദേവനെ ദുഷ്ടശക്തികള്‍ കുരിശില്‍ തറച്ച ദുഃഖവെള്ളിയാഴ്ച്ച മനുഷ്യഹൃദയങ്ങളിലാണ് കുരിശ് തറഞ്ഞ് രക്തം പൊടിഞ്ഞത്. ഓരോ ദുഃഖ വെള്ളിയും മാനവ സമൂഹത്തിന്റെ ആത്മ ശുദ്ധീകരണത്തിന്റെ വേളയാണ്.

അന്ധകാര നിബിഡമായ വര്‍ത്തമാന കാലത്തില്‍ ഹൃദയത്തില്‍ നന്മയുടെ തിരി കൊളുത്താന്‍ ഈ ദിനം പ്രേരകമാകുന്നു. തിന്മയില്‍ നിന്ന് നന്മയിലേക്ക് നടന്നടുക്കാന്‍ ഓരോ മനുഷ്യനോടും നിശബ്ദം മന്ത്രിക്കുന്ന ദുഃഖ വെള്ളിയാഴ്ച്ചയുടെ സന്ദേശവും പൊരുളും ഉള്‍ക്കൊള്ളാന്‍ ഏവര്‍ക്കും സാധിക്കുമാറാകട്ടെ. ദുഃഖമാണ് മനുഷ്യ സംസ്‌കാരത്തിന്റെ ഉരകല്ല്. അതില്‍ ഉരുകി തെളിയാതെ ആരുടെ ഹൃദയവും വിശുദ്ധമാകില്ല. ദുഃഖത്തില്‍ സ്ഫുടം ചെയ്‌തെടുത്ത യേശുദേവന്റെ ജീവിതം നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നത് ആ മഹത്തായ സന്ദേശമാണ്.

0Shares