ഹൈബി ഈഡന്‍, ഷാഫി അടക്കം നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍; കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് പൊതുവികാരം

  • Post category:news
  • Reading time:1 min read
You are currently viewing ഹൈബി ഈഡന്‍, ഷാഫി അടക്കം നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍; കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് പൊതുവികാരം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സാധ്യതാ പട്ടിക തയ്യാറായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലാകും നടക്കുക. ഉമ്മന്‍ചാണ്ടി, സുധീരന്‍, പി.ജെ കുര്യന്‍, കെ.സുധാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് നടത്തിയ ചര്‍ച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്. എറണാകുളം, പത്തനംതിട്ട സീറ്റുകളില്‍ സിറ്റിംഗ് എം. പിമാരുടെ പേരുകള്‍ക്കൊപ്പം മറ്റ് പേരുകള്‍ കൂടി നിര്‍ദേശിച്ചതാണ് സാധ്യത പട്ടികയിലെ പ്രധാനമാറ്റം. എറണാകുളം മണ്ഡലത്തില്‍ കെ. വി തോമസിനൊപ്പം എം.എല്‍.എ ഹൈബി ഈഡന്‍റേയും പത്തനംതിട്ടയില്‍ ആൻറോ ആൻറണിക്കൊപ്പം പി. ജെ കുര്യൻറേയും പേരുകള്‍ പരിഗണിക്കുന്നുണ്ട് . ഉമ്മൻചാണ്ടി മത്സരിക്കാന്‍ തയ്യാറായാല്‍ പത്തനംതിട്ടയോ ഇടുക്കിയോ നല്‍കാനും നീക്കമുണ്ട് .

മത്സരത്തിനില്ലെന്ന നിലപാടെടുത്ത കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് ഉണ്ടാകുമോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍റ് എടുക്കും. സംഘടനയുടെ ചുമതല ഉള്ളതിനാല്‍ മത്സരിക്കാൻ താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാല്‍ ആലപ്പുഴയില്‍ ശക്തമായ മത്സരം നടക്കുമെന്നതിനാല്‍ കെ.സി വേണുഗോപാല്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കെ.സി വേണുഗോപാല്‍ ഇല്ലെങ്കില്‍ വി.എം സുധീരനെ പരിഗണിച്ചേക്കും. മത്സരത്തിനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി തുടരുന്നുണ്ടെങ്കിലും ഹൈക്കമാന്‍റ് നിര്‍ദേശിച്ചാൽ അദ്ദേഹവും രംഗത്തിറങ്ങും. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ടി.സിദ്ധീഖ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

0Shares