ഹൈക്കോടതി നിര്‍ദ്ദേശം; വിദ്യാർത്ഥികളെ വരിയിൽ നിർത്താതെ, സീറ്റ് നിഷേധിക്കാതെ യാത്രാ സൗകര്യമൊരുക്കാന്‍ തീരുമാനം

  • Post category:news
  • Reading time:2 mins read
You are currently viewing ഹൈക്കോടതി നിര്‍ദ്ദേശം; വിദ്യാർത്ഥികളെ വരിയിൽ നിർത്താതെ, സീറ്റ്  നിഷേധിക്കാതെ യാത്രാ സൗകര്യമൊരുക്കാന്‍ തീരുമാനം

തൃശൂര്‍: വിദ്യാർത്ഥികളെ വരിയിൽ നിർത്താതെ, സീറ്റ് നിഷേധിക്കാതെ യാത്രാ സൗകര്യമൊരുക്കാൻ ജില്ലാതല സ്റ്റുഡൻറ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഹൈകോടതി നിർദേശപ്രകാരമാണിത്. പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കും സ്വാശ്രയ കോഴ്സിന് പഠിക്കുന്നവർ ഒഴികെ റെഗുലർ കോളജ് വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ നൽകുന്ന കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. സഞ്ചരിക്കേണ്ട സ്ഥലം കാർഡിൽ രേഖപ്പെടുത്തേണ്ടതാണ്.

മറ്റുള്ളവർക്ക് പുതിയ കൺസഷൻ കാർഡ് വിതരണം ജൂലൈ ഒന്ന് മുതൽ ആരംഭിച്ച് ജൂലൈ 15നകം പൂർത്തിയാക്കും. ൺസഷൻ കാർഡ് വിതരണത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനായി പാരലൽ കോളജുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ ജൂൺ 30ന് മുമ്പായി ആർ.ടി ഓഫീസിലും താലൂക്ക് തല സബ് ആർ.ടി ഓഫീസിലും സമർപ്പിക്കണം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നടത്തുന്ന അംഗീകൃത കോഴ്സുകൾ, രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് രശീത്, സ്ഥാപന മേധാവി നൽകുന്ന സത്യവാങ്മൂലം, അനുവദിക്കപ്പെട്ട വിദ്യാർഥികളുടെ എണ്ണം എന്നിവ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൺസഷൻ കാർഡ് വിതരണം ചെയ്യൂ.

വെബ് അധിഷിഠിത സർവീസ് ഉപയോഗപ്പെടുത്തി സുതാര്യമായ കൺസഷൻ കാർഡ് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് കൺസഷൻ സമയം. വൈകീട്ട് ഏഴ് വരെ കൺസഷൻ ലഭിക്കേണ്ടവർ അനുബന്ധ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കൺസഷൻ നൽകും.
സ്‌കൂൾ പ്രതിനിധികളും പി.ടി.എ അംഗങ്ങളും പോലീസ് അധികാരികളും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. കുട്ടികൾ കൂട്ടമായി നിൽക്കാതെ യഥാക്രമം ബസിൽ കയറ്റി വിടാനുള്ള നടപടി ഈ കമ്മിറ്റി സ്വീകരിക്കണം.

സ്‌കൂളുകളും കോളജുകളും ക്ലാസ് ആരംഭിക്കുന്ന സമയങ്ങളിൽ രാവിലെ എട്ട് മുതൽ 10 വരെയും അവസാനിക്കുന്ന സമയങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെയും പ്രധാനപ്പെട്ട ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സാന്നിധ്യവും നിരീക്ഷണവും ഉണ്ടാവും. സ്റ്റുഡൻറ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. ജൂലൈ രണ്ടാം വാരം യോഗം ചേർന്ന് കമ്മിറ്റി തീരുമാനങ്ങൾ വിലയിരുത്തും.

0Shares